ആദ്യ മാസത്തെ മെട്രോയുടെ വരുമാനം 4,62,27,594 രൂപ

കൊച്ചി: കേരളത്തിന് പുതിയ യാത്രാ അനുഭവം സമ്മാനിച്ച് കൊച്ചി മെട്രോ ഓടിത്തുടങ്ങി ഒരു മാസമാകുമ്പോള്‍ 4,62,27,594 രൂപ മെട്രോ വരുമാനമുണ്ടാക്കി. പ്രതിദിനം ശരാശരി 47,646 ആളുകള്‍ മെട്രോയുടെ സേവനം ഉപയോഗിക്കുന്നുവെന്ന് കെഎംആര്‍എല്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രവര്‍ത്തി ദിനങ്ങളില്‍ തിരക്ക് കുറവാണെങ്കിലും ഇട ദിവസങ്ങളില്‍ ഇപ്പോഴും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനായി മറ്റു ജില്ലകളില്‍ നിന്നും നിരവധിയാളുകള്‍ എത്തുന്നുണ്ട്. മെട്രോയുടെ സേവനം പൊതുജനങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതില്‍ കെഎംആര്‍എല്‍ നന്ദി പ്രകടിപ്പിച്ചു. കുറ്റമറ്റ രീതിയില്‍ മെട്രോ സര്‍വീസ് തുടരുമെന്നും കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതിനിടെ വാട്ടര്‍ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ ലോകോത്തര നിലവാരമുള്ള ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ജിസിഡിഎയുമായി ഇന്ന്് കെഎംആര്‍എല്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ കൊനൈന്‍ ഖാനും ജിസിഡിഎ സെക്രട്ടറി എം.സി ജോസഫും ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും.

കെഎംആര്‍എല്‍ ആസ്ഥാനത്ത് ഇന്ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.