നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു; അടിസ്ഥാന ശമ്പളം 20,000 രൂപ

സ്വകാര്യ നഴ്‌സുമാര്‍ ആരംഭിച്ച സമരം ഒത്തുതീര്‍ന്നു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മെന്റും തമ്മില്‍ ധാരണയായത്.

ആനുകൂല്യങ്ങള്‍ അടക്കം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കാമെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്. ഇത് നഴ്‌സുമാരുടെ യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചു. തീരുമാനമറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ബുധനാഴ്ച ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ കമ്മിറ്റി മാനേജുമെന്‍റുമായും നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. അതിനാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷ തയില്‍ നടക്കുന്ന ചര്‍ച്ചയിലായിരുന്നു ഇരുപക്ഷത്തിനും പ്രതീക്ഷ. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്നായിരുന്നു നഴ്‌സുമാരുടെ സംഘടനകളായ യുഎന്‍എയും ഐഎന്‍എയും പ്രഖ്യാപിച്ചിരുന്നത്.

ഇതിനിടെ രാവിലെ നടന്ന മിനിമം വേജസ് ബോര്‍ഡിന്‍റെ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശമ്ബളത്തിന്‍റെ കാര്യത്തില്‍ മാനേജുമെന്‍റുകളും നഴ്സുമാരും ഒരടിപിന്നോട്ടുപോകാന്‍ ത‍യാറാകാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. ഇനി ഒരു രൂപ പോലും ശമ്ബളം കൂട്ടാനാകില്ലെന്നു മാനേജ്മെന്‍റുകള്‍ യോഗത്തില്‍ നിലപാടെടുത്തു. ട്രെയിനി സംവിധാനം നിര്‍ത്തലാക്കില്ലെന്നും മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി.എന്നാല്‍ മാനേജ്മെന്‍റുകളുടെ നിലപാട് നഴ്സുമാരുടെ സംഘടന തള്ളി.