സി.പി.എം ചരടുവലിയും പാരവെയ്പ്പും സജീവം ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ രാജിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബിജോര്‍ജ്ജിന് പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉന്നത സ്ഥാനത്ത് നിന്ന് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനും പുറത്തേക്ക്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സാമ്പത്തിക ക്രമക്കേടുകളിലും കൗണ്‍സില്‍ ഭരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വടംവലികളിലും മനംമടുത്ത് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.

നേരത്തെ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ഒളിമ്പ്യന്‍ അഞ്ജു ബോബിജോര്‍ജ്ജിനെ പുകച്ചു പുറത്തു ചാടിച്ച മാതൃകയില്‍ തനിക്കെതിരെയും സി.പി.എം ഭരണസമിതി തന്ത്രങ്ങളൊരുക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് കൂടിയായ മേഴ്‌സിക്കുട്ടന്‍ സ്ഥാനം ത്യജിക്കാനൊരുങ്ങുന്നത്. കായിക താരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നടപടികള്‍ക്ക് പകരം സാമ്പത്തിക നേട്ടമുണ്ടാക്കാനായി നടത്തുന്ന ഭരണസമിതിയുടെ നീക്കങ്ങളും മേഴ്‌സിക്കുട്ടന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് വരുന്നില്ല. അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലിയില്‍ മനം മടുത്താണ് മേഴ്‌സിക്കുട്ടന്‍ കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കൗണ്‍സില്‍ ആസ്ഥാനത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലും മേഴ്‌സിക്കുട്ടന്‍ മനഃപൂര്‍വം വിട്ടുനില്‍ക്കുകയാണ്.

നവീകരണത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് ഓഫീസ് മുറി ഒരുക്കാനാണ് ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ മേഴ്‌സിക്കുട്ടന്‍ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് വിവരം.
നിലവില്‍ ഒരു ഓഫീസ് റൂമിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും വൈസ് പ്രസിഡന്റിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. അതിന് പുറമേ മറ്റൊരു മുറികൂടി നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സാമ്പത്തിക തിരിമറി നടത്താനുള്ള ഉദ്ദേശ്യമാണെന്നാണ് ആക്ഷേപം. ഭാവിയില്‍ വൈസ് പ്രസിഡന്റിന് വേണ്ടിയുള്ള ഓഫീസ് മുറിയെ ചൊല്ലി വിവാദം ഉണ്ടായാല്‍ അത് മേഴ്‌സിക്കുട്ടന് മേല്‍ ചാരി രക്ഷപ്പെടാനാണ് നീക്കം.

ആസ്ഥാന മന്ദിരത്തിന്റെ മേല്‍ക്കൂര നവീകരിക്കുന്നതിന് 36 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ വന്‍ സാമ്പത്തിക ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. നിലവില്‍ പുരാവസ്തു വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള മന്ദിരമാണിത്. അതിനാല്‍ അതേ മാതൃകയിലുള്ള നിര്‍മ്മാണ രീതി മാത്രമേ നടത്താന്‍ കഴിയൂ.

കഴിഞ്ഞവര്‍ഷം 22 ലക്ഷം രൂപയ്ക്ക് മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്താമെന്ന് തിരുവനന്തപുരം വികസന ഏജന്‍സി (ട്രിഡ) സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഒരുവര്‍ഷത്തിനിപ്പുറം 14 ലക്ഷം രൂപ അധികം നല്‍കിയാണ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

അതേസമയം, സ്‌പോര്‍ട്‌സ് കൗണ്‍സിലിനായി അഞ്ചുകോടി രൂപ മുടക്കി പുതിയ കായികഭവന്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ ധൃതിപിടിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലെ ദുരൂഹതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കൗണ്‍സിലില്‍ സാമ്പത്തിക അച്ചടക്കം പൂര്‍ണമായും നഷ്ടമായെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളില്‍ പലരും ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.
കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന്റെ സമീപം കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി വന്‍ തുക എഴുതി മാറ്റിയതാണ് മറ്റൊരു ആരോപണം. എത്ര ലോഡ് മണ്ണ് നീക്കം ചെയ്തുവെന്നു പോലും വ്യക്തതയില്ല. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്നുള്ള പി.ടി ഉഷ സ്‌പോര്‍ട്‌സ് കോംപ്ലസില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ പേരില്‍ ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു.

എന്നാല്‍ വിവിധ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലകരെ നിയമിക്കണമെന്ന ആവശ്യത്തോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖം തിരിക്കുകയും ചെയ്യുന്നു. മാസങ്ങളായി സംസ്ഥാനത്തെ പല സ്‌പോര്‍ട്‌സ് സ്‌കൂളുകളിലും കായിക അധ്യാപക നിയമനങ്ങള്‍ നടന്നിട്ടില്ല.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട ശേഷമാണ് ടി.പി ദാസന്‍ പ്രസിഡന്റായി പുതിയ ഭരണസമിതി നിലവില്‍ വന്നത്.