സോബിയ സുദീപ് ;അറ്റ്ലാന്റയിൽ നിന്ന് നൃത്തരംഗത്തേക്കൊരു താരം

അറ്റലാന്റയിൽ നിന്ന് നൃത്തരംഗത്തേക്കു ഒരു താരം.സോബിയ സുദീപ് .നാലാം വയസിൽ തുടങ്ങിയ നൃത്തപഠനം .നൃത്തമെന്ന കലയെ അറിയുവാനും,അതിൽ പുതുമ കണ്ടെത്തുവാനും ശ്രമിക്കുകയാണ് സോബിയ.അമേരിക്കയിലും ഇന്ത്യയിലും നിരവധി വേദികളിൽ കുച്ചുപ്പുടി ,ഭരതനാട്യം ,മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട് .നാലുവയസുമുതൽ നൃത്തം അഭ്യസിക്കുന്ന സോബിയ ഇരുപതാം വയസുമുതലാണ് നൃത്തരംഗത്ത് സജീവമാകുന്നത് .പ്രശസ്ത നർത്തകരായ ഉദയലക്ഷ്മൺ ,അനുബന്ധറാവു എന്നിവരിൽ നിന്ന് ശിക്ഷണം നേടിയ സോബിയ മോഹിനിയാട്ടത്തിൽ കോളേജ്,ഇന്റർ കോളേജിയറ്റ് തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു സമ്മാനങ്ങളും നേടിയിട്ടുണ്ട് .

ssss

പല മത്സരങ്ങളും മത്‌സര ബുദ്ധിയോടെ പങ്കെടുത്തിട്ടില്ല എന്ന് പറയുന്ന സോബിയ അതിനു കാരണവും പറയുന്നു .നൃത്തത്തെ അറിയുക എന്നതാണ് പ്രധാനം .അത് മത്സരത്തിനുള്ളതല്ല എന്നാണ് ഗുരുക്കന്മാരും മാതാപിതാക്കളും പഠിപ്പിച്ചത് .
ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം നൃത്തവും വേദവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു റിസേർച് ചെയ്യുക എന്നത് വലിയ ഒരു ആഗ്രഹമാണ് .അതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ .

റോട്ടറി ക്ലബ് ഇന്റർനാഷണൽ കൺവൻഷൻ 2017 ,ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ വേദികളിൽ നൃത്ത വിസ്മയം തീർത്ത സോബിയയുടെ സ്വാഭാവികലയമാണ് അവരുടെ അരങ്ങവതരണങ്ങളില്‍ പ്രകാശിതമാവുന്നത് .
ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും നൃത്തമാധ്യമമാക്കുമ്പോൾ വേറിട്ട സാദ്ധ്യതകളെയാണ് ഈ കലാകാരി തേടിപ്പോകുന്നത് . നൃത്തകലാമേഖലയില്‍ ഉറച്ചു നില്‍ക്കുകയും നൃത്തവേദിയില്‍ സ്വകീയമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയില്‍ മുഴുകുകയും ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇന്നുവരെയുള്ള ഈ യുവ നർത്തകിയുടെ പ്രകടനങ്ങള്‍ വെച്ചുകൊണ്ട് നിസ്സംശയമായും പറയാന്‍ കഴിയും .

sobiya1

സോബിയയുടെ അംഗചലനങ്ങളില്‍ നൃത്തം പരീക്ഷണങ്ങളുടെ ഭാഗമായി നില്‍ക്കുന്നില്ല . കൈമുദ്രകളില്‍ നൃത്തം യാന്ത്രികമായ പുതുമകളുടെ പ്രകടനാത്മകതയാവുന്നില്ല. പകരം , നൃത്തത്തിന്റെ സൌമ്യാനുഭാവങ്ങളിലേക്കും സ്വച്ഛന്ദമായ ആംഗികാഭിനയത്തിലേക്കും നര്‍ത്തകി പകര്‍ന്നാടുന്നു . ഈവിധമുള്ള പകര്‍ന്നാട്ടം സാത്വികാഭിനയം , വാചികാഭിനയം ,ആഹാര്യാഭിനയം എന്നിവയെ സൂക്ഷ്മമായി സംയോജിപ്പികുന്ന സമഗ്രശോഭയിലേക്ക് വികസിക്കുന്നു . ലാസ്യഭംഗിയോ അംഗചലനങ്ങളോ കൊണ്ട് ത്റസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും നർത്തകി അകന്നു മാറുന്നു . വിവിധകരണങ്ങളില്‍ , സ്വരജതികളില്‍ , മൃദംഗജതികളില്‍ നര്‍ത്തകി ,പുഴയില്‍ ഇലയെന്നപോലെ ,അരങ്ങില്‍ സ്വയം മറന്നാടുന്നതായി പ്രേക്ഷകന് തോന്നുന്നു . ‘ഹസ്തപാദസമായോഗോ നൃത്തസ്യ കരണം ഭവേത്’ (നാട്യശാസ്ത്രം നാലാം അദ്ധ്യായം) അഥവാ , അംഗപ്രത്യംഗങ്ങളും ഉപാംഗങ്ങളും സ്ഥായീഭാവങ്ങളും വ്യഭിചാരിഭാവങ്ങളുമെല്ലാം നൃത്തത്തുടര്ച്ചയില്‍ പടിപടിയായി ലയിച്ച് പ്രേക്ഷകനെ അത്തരമൊരു തോന്നലിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

അടവുവ്യാപാരങ്ങളുടെയും ചലനങ്ങളുടെയും തന്മയീഭാവത്തിലാണ് സോബിയയുടെ നൃത്തം സാംഗോപാംഗം സമ്മോഹനമാകുന്നത് . നര്‍ത്തനം തുടരുന്തോറും നര്ത്തകിയില്‍ നൃത്തം ഒരു സഹജവ്യാഖ്യാനമായി മാറുന്നു . ശരീരഭാഷയ്ക്കും വടിവിനും അനുയോജ്യമായ സ്ഥാനകങ്ങളും ചാരികളും പാഠഭേദങ്ങളും അങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ത്തമാനകാല നൃത്തരംഗം ബഹുസ്വരമാണ് . ബഹുസ്വരതകളുടെ തന്നെ പലതരം പുതുപരീക്ഷ്ണസ്വരങ്ങളായി , കരകാണാകടലുകളായി അതു പെരുകിക്കൊണ്ടിരിക്കുന്നു . പരമ്പരാഗത ഭാഷയില്‍ ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നൊക്കെ പറയുന്ന ഘടകങ്ങളെ വിശാലവും വൈവിധ്യമാര്‍ന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സമകാലനൃത്തമണ്ഡലത്തില്‍ എവിടെയാണ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ് .

ss

നൃത്തരംഗത്തേക്ക് കടന്നുവരുന്ന ഏതു നര്ത്തകിയേയും പോലെ സോബിയയും ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നു.അതിനു മറുപടി മോഹിനിയാട്ടത്തിലും ,ഭാരതനാട്യത്തിലും,കുച്ചുപ്പുടിയിലും ഗവേഷണം നടത്തുകയും അവപുതു തലമുറയിലേക്കു സന്നിവേശിപ്പിക്കുകയുമാണ് വേണ്ടത് .അതിനായി ജോർജിയയിൽ ഒരു നൃത്ത വിദ്യാലയത്തിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചു.”നാട്യവേദ ഡാൻസ് ആൻഡ് മ്യുസിക് അക്കാദമി” .തന്റെ പരിമിതമായ അറിവിൽ ഇന്ത്യൻ കുട്ടികൾക്കും ,അമേരിക്കയിൽ ഉള്ള കുട്ടികൾക്കും നമ്മുടെ സംസ്കാരം നൃത്തത്തിലൂടെ എങ്ങനെ പറഞ്ഞു കൊടുക്കുവാൻ സാധിക്കും എന്നതിന്നാന് ഞാൻ ശ്രമിക്കുന്നത് .അതിനുവേണ്ടിയാണ് ഡാൻസ് സ്‌കൂൾ തുടങ്ങിയത് .

നൃത്തത്തിൽ എന്തെങ്കിലും ജീവിതത്തിൽ ആയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നൽകുന്നു സോബിയ.കണ്ണൂർ മേലെ ചൊവ്വ സ്വദേശി ബാബു ഉരലുങ്ങലിന്റെയും,അമ്മ ശ്രീലത തൊടുവക്കലിന്റെയും മകളാണ് . അച്ഛൻ സർക്കാർ സർവീസിൽ എക്സിക്കുട്ടീവ് എഞ്ചിനീയർ ആയിരുന്നു.അച്ഛന്റെയും അമ്മയുടെയും കഠിനാദ്ധ്വാനവും പരിശ്രമവുമാണ് ഇവിടെ വരെ എത്താൻ സാധിച്ചത്.അവർ ഇല്ല;ആയിരുന്നു എങ്കിൽ നൃത്തം എന്താണ് എന്ന് പോലും അറിയുവാൻ സാധിക്കില്ലായിരുന്നു .സോഫ്റ്റ്വെയർ എഞ്ചിനീയറായ സുദീപ് കൃഷ്ണൻ ആണ് ഭർത്താവ് .മൂന്നു വയസുള്ള ഒരു മകളുണ്ട് .മീനാക്ഷി .നൃത്തത്തോടൊപ്പം സംഗീതവും സ്വായത്തമാക്കിയ സോബിയ നല്ലൊരു ഹാർമോണിസ്റ്റു കൂടിയാണ് .സംഗീത ഗുരു കണ്ണൂരിൽ തന്നെയുള്ള രാജൻ ആയിരുന്നു.

നൃത്തത്തെയും ,കൊറിയോഗ്രാഫിയെയും തന്റെ ജീവിതത്തിനൊപ്പം കാണുന്ന സോബിയ തന്റെ നിരന്തരമായ നൃത്തോപാസനയിലൂടെ വരും തലമുറയ്ക്കും തന്റെ അറിവ് പകർന്നു നൽകുവാനും മലയാളി സമൂഹത്തിനു അഭിമാനമാകുവാനും സാധിക്കുന്ന പ്രതിഭയാണ് എന്ന കാര്യത്തിൽ സംശയമില്ല.