തിരുവനന്തപുരത്ത് ബിജെപി- സിപിഎം സംഘർഷം

തിരുവനന്തപുരം നഗരത്തില്‍ ബിജെപി സിപിഐഎം സംഘര്‍ഷം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരേയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. പുലര്‍ച്ചെ 3 മണിയോടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഐപി ബിനു, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

അക്രമികള്‍ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. നേരത്തെ ഐ പി ബിനുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാപക അക്രമം അരങ്ങേറിയതെന്നാണ് കരുതപ്പെടുന്നത്. ആറ്റുകാല്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് കലാപമായി വളര്‍ന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു എന്നിവര്‍ സംഭവസ്ഥലത്തെത്തി. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.