ബി.ജെ.പി ഓഫീസ് അക്രമം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനിന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തെ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.

ബിജെപി ഓഫീസില്‍ ആക്രമണം നടക്കുമ്പോള്‍ ചില പൊലീസുകാര്‍ ശക്തമായ ഇടപെടല്‍ നടത്തി. എന്നാല്‍ രണ്ട് പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഐജി അറിയിച്ചു. ആക്രമണം ശക്തമായ ആറ്റുകാലില്‍ പട്രോളിങ് ശക്തമാക്കി. വലിയൊരു സംഘം പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെ കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. അക്രമികള്‍ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ കോളെജിനെ എസ്എസ്‌ഐ-എബിവിപി സംഘര്‍ഷമാണ് ഇത്തരത്തിലൊരു സംഘര്‍ഷത്തിലേക്ക് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.