‘കടക്കൂ പുറത്ത്’ അനാവശ്യമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം

മാടമ്പി ശൈലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമപ്രവർത്തകരോട് ‘കടക്കൂ പുറത്ത്’ എന്ന് ആക്രോശിച്ചതിൽ സി.പി.എം കേന്ദ്രനതേൃത്വത്തിന് കടുത്ത അതൃപ്തി. ഇന്നലെ രാവിലെ ബി.ജെ.പി നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് രോഷാകുലനായത്. മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നെന്നും നേതാക്കൾ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പദവിയിൽ ഇരുന്നുകൊണ്ട് ഇത്തരത്തിലൊരു പ്രതികരണം ഉചിതമായില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാളിലെ സി.പി.എം നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവച്ചതെന്നാണ് റിപ്പോർട്ട്.
ഇതോടൊപ്പം,​ സി.പി.എം – ബി.ജെ.പി സംഘർഷത്തെ തുടർന്നുണ്ടായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഗവർണർ പറഞ്ഞിട്ടാണ് ഇന്നലെ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ തന്നെ അത് വേണ്ടവിധം കൈകാര്യം ചെയ്യണമായിരുന്നെന്നും നേതാക്കൾ പറഞ്ഞു.