കേരള ടീമില്‍ തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത്

കൊച്ചി: കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ പ്രഥമ ലക്ഷ്യമെന്ന് മലയാളി താരം ശ്രീശാന്ത്. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി തിരിച്ചെത്തിയിട്ടുണ്ടെന്നും അതുപോലൊരു മടങ്ങിവരവാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. വളരെ സന്തോഷവാനാണ്. എപ്പോഴും ഒരു ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ല. ആരോഗ്യക്ഷമത വീണ്ടെടുക്കുകയാണ് പ്രധാന ലക്ഷ്യം. പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ശ്രീശാന്ത് പറഞ്ഞു.

വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയിലെത്തിയിരുന്നു. അതേസമയം ശ്രീശാന്തിന്റെ കാര്യത്തില്‍ പോസിറ്റീവായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കേരളത്തിന്റെ കളിക്കാരനാണെന്നും കെ.സി.എ പ്രസിഡന്റ് ബി വിനോദ് കുമാര്‍ പ്രതികരിച്ചു.

പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങള്‍ ആധാരമാക്കിയാണ് ബി.സി.സി.ഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.