ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്‌

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പില്‍ നിയമിച്ച അന്നത്തെ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “അന്നത്തെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമാണ് മറുപടി പറയേണ്ടത്. കപ്പലോടിക്കാന്‍ അറിയാത്ത എന്നെ തുറമുഖ വകുപ്പില്‍ നിയമിച്ചവരാണ് ഉത്തരവാദികള്‍. തനിക്കെതിരെ ഇങ്ങനെ പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് സത്യം അറിയാം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ശത്രുക്കള്‍ ഉണ്ടായതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

തുറമുഖ വകുപ്പ് ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തില്‍ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് വഴി തെറ്റിച്ചു. ഇത് കാരണം 1.93 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിക്കുകയാണ്. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ്, കരാറുകാര്‍ക്ക് പണം നല്‍കി. ഇത് സര്‍ക്കാരിന് അധിക ചെലവുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

തുറമുഖ ഓഫിസുകളിൽ സോളർ പാനൽ നിർമ്മാണത്തിൽ ജേക്കബ് തോമസ് ഫണ്ട് വകമാറ്റി. ഗുണനിലവാരം ഉറപ്പാക്കാതെ പണം നൽകി. കൊടുങ്ങല്ലൂരിലെ ഓഫിസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുണ്ടെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് തുറമുഖ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

ജേക്കബ് തോമസ് ഐ.പി.എസ് ഡയറക്‌ടറായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിൽ വീഴ്ചയുണ്ടായതായി നേരത്തെ കണ്ടെത്തിയിരുന്നു. വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 14 ഓഫിസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തിയത്. പദ്ധതി ഫലം കാണാത്തതിനാല്‍ പണം തിരിച്ചുപിടിക്കാന്‍ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.