മാണിക്കെതിരായ ലോഡ് ഓക്‌സൈഡ് കേസും വിജിലന്‍സ് മതിയാക്കി

കെ എം മാണിക്കെതിരായ ലെഡ് ഓക്‌സൈഡ് കേസ് അവസാനിപ്പിക്കുന്നു. വിജിലന്‍സാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍ നികുതി ഇളവ് നല്‍കിയതിനാണ് മാണിക്കെതിരേ കേസെടുത്തത്.

ലെഡ് ഓക്‌സൈഡിന്റെ നികുതി സംബന്ധിച്ച് നിയമസഭ നിയമം പാസാക്കിയ സാഹചര്യത്തിൽ അന്വേഷണം തുടരനാവില്ലെന്നാണ് വിജിലൻസിന്റെ നിലപാട്. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്പ് വസ്തുതാ റിപ്പോർട്ട് നിയമോപദേശത്തിനായി സമർപ്പിച്ചുവെന്ന് വിജിലൻസ് ഡിവൈ.എസ്.പി: പി.അശോക് കുമാർ പറഞ്ഞു.

ബാറ്ററിയിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതിയിളവ് നൽകിയതു വഴി കോട്ടയം കുറിച്ചി സൂപ്പർ പിഗ് മെന്റ്സ് ഉടമ ബെന്നി എബ്രഹാമിനെ വഴിവിട്ട് സഹായിച്ച് ഖജനാവിന് 166 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. ജോർജ് സി. കോട്ടയം പാലാ സ്വദേശി ജോർജി സി.കാപ്പനാണ് പരാതി നൽകിയത്.

കേസിൽ കമ്പനി ഉടമ ബെന്നി എബ്രഹാമിനെയും പ്രതി ചേർത്തിട്ടുണ്ട്. 2012 വരെ 12.5 ശതമാനവും 2013ൽ 13.5 ശതമാനം നികുതിയും അടയ്ക്കേണ്ട സ്ഥാനത്ത് 2015-16ലെ ബഡ്‌ജറ്റിൽ മുൻകാല പ്രാബല്യത്തോടെ നികുതി അഞ്ചു ശതമാനമാക്കി കുറച്ച് കൊടുത്തു. നികുതി അടയ്ക്കാത്തതിന് ചങ്ങനാശേരി വാണിജ്യ നികുതി ഓഫീസിൽ നിന്ന് പല തവണ പിഗ്‌മെന്റ് കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും പണമടയ്ക്കാതെ അപ്പീൽ നൽകിയ കമ്പനിക്ക് നികുതിയിളവ് അനുവദിച്ചതാണ് വിജിലൻസ് കേസിൽ എത്തിയത്.

കേസിൽ പരാതിക്കാരനായ ജോർജ് സി. കാപ്പനിൽ നിന്ന് വിജിലൻസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം 12 നിയമസഭാ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.