കൊടിഞ്ഞി കൊലപാതകം: അന്വേഷണം തീവ്രഹിന്ദു സംഘടനകളിലേക്ക്

    കൊടിഞ്ഞി: മതംമാറിയ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം ബന്ധുക്കളേയും ആര്‍.എസ്.എസ്. പ്രവര്‍ത്തകരേയും കേന്ദ്രീകരിച്ച്. കൊല്ലപ്പെട്ട മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ ഫൈസലിന്റെ ഭാര്യാസഹോദരന് ഫൈസല്‍ ഇസ്ലാംമതം സ്വീകരിച്ചതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും ഫൈസലിനെ കൊലപ്പെടുത്തുന്നതു സംബന്ധിച്ച ഇയാള്‍ ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നും ഫൈസലിന്റെ മാതാവ് മീനാക്ഷിയമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
    ഇന്നലെ ഗള്‍ഫില്‍ പോകാനിരിക്കെ തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഭാര്യാപിതാവിനേയും കുടുംബാംഗങ്ങളേയും സ്വീകരിക്കാനായി മിനിഞ്ഞാന്നു പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു ഓട്ടോയില്‍ പോകുന്നതിനിടയിലാണു കൊലപാതകം നടന്നത്. ഹിന്ദുമതത്തില്‍പെട്ട അനില്‍കുമാറാണ് ഫൈസല്‍ എന്നു പേരുമാറി മാസങ്ങള്‍ക്കു മുമ്പ് മുസ്ലിമായത്.
    ഭാര്യാ സഹോദരന്‍ ഫൈസലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊലപ്പെടുത്താന്‍ മറ്റുബന്ധുക്കളോടു പറഞ്ഞിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം വേണ്ടത് നമുക്ക് ചെയ്യാമെന്നും മദ്യപിക്കുന്നതിനിടയില്‍ പറഞ്ഞിരുന്നുവെന്നും ഫൈസലിന്റെ മാതാവ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലനടത്തിയതു ഭാര്യാസഹോദരനല്ലെന്ന നിഗമനത്തിലാണു പോലീസ്. എന്നാല്‍ ഇയാള്‍ക്കു പുറമേ ഫൈസലിന്റെ മുഴുവന്‍ ബന്ധുക്കളും പ്രദേശത്തെ ചില ആര്‍.എസ്.എസ് പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്.
    ഫാറൂഖ് നഗറിലെ ബേക്കറിയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. രണ്ടു ബൈക്കുകളിലായി നാലുപേര്‍ ഫൈസല്‍ സഞ്ചരിച്ച ഓട്ടോയെ പിന്തുടരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
    അഞ്ചു വര്‍ഷമായി റിയാദില്‍ ബദിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു ഫൈസല്‍. അവിടെവെച്ചാണു ഇസ്ലാം മതം സ്വീകരിച്ചത്. നാലുമാസം മുമ്പു നാട്ടിലെത്തിയ ഫൈസലിന്റെ ഭാര്യ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവരും ഈയിടെ ഇസ്ലാംമതം സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ക്കും ഫൈസല്‍ ശത്രുവായത്. കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടക ക്വര്‍ട്ടേഴ്സിലാണ് ഫൈസലും കുടുംബവും താമസിക്കുന്നത്.
    തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ നിന്ന് വരുന്ന ഭാര്യാ മാതാവിനെയും പിതാവിനെയും ബന്ധുക്കളെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി സുഹൃത്തിന്റെ ഓട്ടോറിക്ഷ ഓടിച്ച് പോകവേയാണ് കൊലപാതകം നടന്നത്. മലപ്പുറം ഡി.വൈ.എസ്.പി പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫയാണ് സംഘത്തലവന്‍. ഒരുമാസത്തിലേറെയായി ഫൈസലിന് വധഭീഷണിയുള്ളതായി ഫൈസല്‍തന്നെ പലരോടും പറഞ്ഞിരുന്നു. തീവ്രഹിന്ദു സംഘടനകള്‍ക്ക് ഇതില്‍പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മതം മാറിയെങ്കിലും ബന്ധുക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു ഫൈസല്‍ കഴിഞ്ഞിരുന്നത്.