മാധ്യമപ്രവര്‍ത്തകരായ സനീഷിനും ലല്ലുവിനുമെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണം

ന്യൂസ് 18 കേരളം ചാനലിലെ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച വിഷയം സ്ത്രീപീഡനവും ദളിത് പീഡനവുമായി ചിത്രീകരിക്കാനും ചില മാധ്യമപ്രവര്‍ത്തകരെ അതില്‍പ്പെടുത്തുവാനും ആസൂത്രിതമായ ശ്രമം നടക്കുന്നതായി ആരോപണം. ചാനലിന്റെ പാനല്‍ പ്രൊഡ്യൂസര്‍ ആയി ജോലി ചെയ്തിരുന്ന യുവതിയാണു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തൊഴിലിടത്തെ മാനസികപീഡനമാണു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണു ആരോപണം. അമിത അളവില്‍ മരുന്നുകള്‍ കഴിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ചാനലിലെ പ്രമുഖരായ ചില മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് വ്യാപകമായ സൈബര്‍ ആക്രമണവും വ്യാജവാര്‍ത്തകളും സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്. ഒരു സാധാരണ തൊഴില്‍ പ്രശ്‌നത്തെ സ്ത്രീപീഡനമായും ദളിത് പീഡനമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

ഇടതുപക്ഷത്തിനനുകൂലമായും സംഘപരിവാറിനെതിരായും സമൂഹമാധ്യമങ്ങളില്‍ നിലപാടുകളെടുക്കുന്ന ലല്ലു ശശിധരന്‍, സനീഷ് എന്നിവരാണു പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത്. നിലവിലെ കേസില്‍ മാനേജ്‌മെന്റ് പ്രതിനിധി എന്ന നിലയില്‍ ലല്ലു പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ താന്‍ ഈ യുവതിയോട് ഔദ്യോഗിക കോണ്‍ഫറന്‍സുകളിലല്ലാതെ സംസാരിച്ചിട്ടുപോലുമില്ലെന്നാണു ലല്ലുവിന്റെ വിശദീകരണം.

ഇരുനൂറോളം ജീവനക്കാരുള്ള ന്യൂസ് 18 കേരളം ചാനല്‍ തങ്ങളുടെ സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായ പ്രെഫോമന്‍സ് റിവ്യൂ നടത്തിയതിനു ശേഷം ഇതില്‍ പതിനെട്ട് പേര്‍ക്ക് പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കിയിരുന്നു. രണ്ടുമാസത്തെ നോട്ടീസ് പീരിയഡ് അനുവദിച്ചുകൊണ്ടാണു ഇത് ചെയ്തത്. ഇതില്‍ത്തന്നെ പലര്‍ക്കും തങ്ങളുടെ തൊഴിലിലെ മികവു മെച്ചപ്പെടുത്തിയാല്‍ തിരിച്ചു കയറാനുള്ള സാധ്യതയും നോട്ടീസിലെ വ്യവസ്ഥകളില്‍ ഉണ്ടായിരുന്നതായും ന്യൂസ് 18 ചാനലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ന്യൂസ് 18 ചാനലിലെ വാര്‍ത്താ അവതാരകനും സീനിയര്‍ എഡിറ്ററുമായ സനീഷിനെതിരെ യുവതി പരാതി കൊടുത്തിരുന്നതായാണു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതു. എന്നാല്‍ ജോലിയില്‍ വീഴ്ചവരുത്തുന്നതിനു ഏതൊരു മേലധികാരിയും ചെയ്യുന്നതുപോലെയുള്ള ശകാരമേ സനീഷിന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പ്രോഗ്രാം പ്രൊഡ്യൂസര്‍ ചുമതലയിലിരുന്ന യുവതി, നിയമസഭാ സമ്മേളനം സംപ്രേക്ഷണം ചെയ്യുന്ന അവസരത്തില്‍ പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം ലൈവ് വന്നത് എയര്‍ ചെയ്യാതെ പരസ്യം കാണിക്കുകയുണ്ടായി.

ഇത്രയും പ്രധാനപ്പെട്ട ഒരു സംഗതിയില്‍ വന്ന വീഴ്ചയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ സ്വാഭാവിക ശകാരത്തെയാണു സ്ത്രീപീഡനമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം അവസരങ്ങളില്‍ എഡിറ്റര്‍മാര്‍ ജീവനക്കാരെ ശകാരിക്കുന്നത് പത്രമോഫീസുകളില്‍ സാധാരണ സംഭവമാണു.

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം ആശുപത്രിയിലെത്തിയ ചില സഹപ്രവര്‍ത്തകരാണു പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചതെന്നും ഇവര്‍ ഈ അവസരം വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും തീര്‍ക്കുന്നതിനായി ഉപയോഗിച്ചതായും ആരോപണമുണ്ട്. ഏ.ബി.വി.പിയുടെ ദേശീയ നിര്‍വാഹകസമിതി മുന്‍ അംഗമായിരുന്ന ഇപ്പോള്‍ ന്യൂസ് 18ല്‍ സീനിയര്‍ വനിതാ ജേര്‍ണലിസ്റ്റുമായ ആളും, ഇന്ത്യാ വിഷനിലെ മുന്‍ ജേണലിസ്റ്റും ബിജെപിയുടെ ഐടി സെല്ലിന്റെ പ്രധാനിയുമായ ആളുമാണു ഇതിനു ചുക്കാന്‍ പിടിച്ചതെന്നും ന്യൂസ് 18-നുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബിജെപിക്കെതിരായി വരുന്ന വാര്‍ത്തകള്‍ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നതും റിപ്പബ്ലിക് ചാനലിലെ അര്‍ണബ് ഗോസ്വാമി അടക്കമുള്ള സംഘപരിവാര്‍ പക്ഷപാതികളെ ആക്ഷേപഹാസ്യപരിപാടികളിലൂടെ തുറന്നുകാണിക്കുന്നതുമൊക്കെ ചാനലിന്റെ തലപ്പത്തിരിക്കുന്ന ഇടതുപക്ഷ അനുകൂലികളായ രാജീവ് ദേവരാജ്, സനീഷ്, ലല്ലു തുടങ്ങിയവരെ സംഘപരിവാര്‍ അനുകൂലികളുടെ അപ്രീതിയ്ക്കു പാത്രമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ വധഭീഷണി മുഴക്കുന്ന വീഡിയോ വാര്‍ത്തയാക്കുന്നതിനെതിരെ മേല്‍പ്പറഞ്ഞ വനിതാ സീനിയര്‍ ജേര്‍ണലിസ്റ്റ് ഓഫീസില്‍ പ്രശ്‌നമുണ്ടാക്കിയത് ഏറ്റവും അവസാനത്തെ സംഭവമാണ്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം സ്ത്രീപീഡനമായും ദളിത് പീഡനമായും ചിത്രീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതും അതിനുപിന്നാലെ ബിജെപി ഐ ടി സെല്‍ ആസൂത്രിതമായ ക്യാമ്പയിന്‍ ആരംഭിച്ചതും സംശയാസ്പദമാണു. ബിജെപി ഐ ടി സെല്‍ ചുമതലയുള്ളയാളും ജനം ടിവി ജീവനക്കാരനുമായ ആള്‍ നടത്തുന്ന വായു ജിത്ത് എന്ന ഫെയ്‌സ്ബുക്ക് ഐഡി ഇട്ട പോസ്റ്റ് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ സംഘപരിവാറിനെതിരായ ദളിത് പ്രശ്‌നമായി ഉയര്‍ത്തിയ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ സംഭവം ഒരു താക്കീതാണെന്ന ഭീഷണിയാണു ഈ പോസ്റ്റിലുള്ളത്.

”വാര്‍ത്ത കുക്ക് ചെയ്യുമ്പോള്‍ ആലോചിക്കുക .. ചട്ടീം തവീം തീയും അത്യാവശ്യം അസംസ്‌കൃത വസ്തുവുമുണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും കിട്ടുന്ന പണിയാണെന്ന് ,” പോസ്റ്റില്‍ വായു ജിത്ത് പറയുന്നു.

ഒരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ന്യൂസ് 18 കേരളയില്‍ അവരുടെ ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് നടത്തിയ പിരിച്ചുവിടലുകളുടെ ഉത്തരവാദിത്തം അവിടുത്തെ മറ്റു ജീവനക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനും വിഷയത്തെ വളച്ചൊടിച്ച് സ്ത്രീപീഡനമാക്കാനുമുള്ള ശ്രമങ്ങളാണു നടക്കുന്നെതെന്ന് വ്യക്തം.