ഗൊരഖ്പൂര്‍ ദുരന്തം: രാജ്യത്തെ ആദ്യസംഭവമല്ലെന്ന് അമിത് ഷാ

രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ തള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ആദ്യസംഭവമല്ലെന്നും മുന്‍പും ഇത്തരത്തിലുളള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇതിനും മുന്‍പും യുപിയില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഗൊരഖ്പൂരിലെ ശിശുഹത്യ ആദ്യമായുണ്ടായതല്ലെന്നും അമിത്ഷാ പറയുന്നു.

യുപിയില്‍ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷങ്ങളെ ഇതുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇതിനുമുന്‍പും ഇത്തരം സാഹചര്യത്തില്‍ ജന്മാഷ്ടമി കൊണ്ടാടിയിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം കുട്ടികളുടെ മരണത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് ജന്മാഷ്ടമി വിപുലമായി ആഘോഷിക്കണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. കൃഷ്ണാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും പാരമ്പര്യരീതിയില്‍ സംഘടിപ്പിക്കണമെന്നുമാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവ്

അതേസമയം സംഭവത്തില്‍ ഉത്തര്‍പ്രദേശ് ചീറ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.