മതം മാറിയ മകളെ വിട്ടുകൊടുക്കാന്‍ ഭീഷണി: മാതാപിതാക്കള്‍ക്ക് പോലീസ് സംരക്ഷണം

കൊച്ചി: മതം മാറിയ മകളെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് മത മൗലികസംഘടനകള്‍ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചു. കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത്.

ഹര്‍ജിക്കാരന്റെ 24 വയസുള്ള മകള്‍ ശ്രുതിയെ 2014 മേയ് 16 മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ശ്രുതി മതം മാറി പരിയാരം സ്വദേശി അനീസ് അഹമ്മദിനെ വിവാഹം കഴിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി. പിന്നീട് ജൂണ്‍ 21 ന് ശ്രുതിയെ പയ്യന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് ഹാജരാക്കി. തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് വ്യക്തമാക്കിയ ശ്രുതിയെ കോടതി ഇവര്‍ക്കൊപ്പം വിടുകയും ചെയ്തു.

എന്നാല്‍ ശ്രുതിയെ മാതാപിതാക്കള്‍ തടവിലാക്കിയെന്ന് ആരോപിച്ച് അനീസ് പയ്യന്നൂര്‍ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കി. മാതാപിതാക്കള്‍ ഹാജരാകാതിരുന്നതിനാല്‍ ഈ കേസില്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അനീസ് മത മൗലിക വാദ സംഘടനകളുമായി ചേര്‍ന്ന് തങ്ങളെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലടക്കം ഭീഷണി വ്യാപകമാണെന്നും മാതാപിതാക്കളുടെ ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതിയില്‍ ഹാജരായ പെണ്‍കുട്ടി മത മൗലിക സംഘടനകളുടെ ഭീഷണി നിമിത്തം കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനാലാണ് വാറന്റായതെന്നു വിശദീകരിച്ചു. തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത്. ഹര്‍ജി ഓഗസ്റ്റ് 25 ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ സ്വദേശികളായ രാജനും ഗീതയും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.