തന്നെ കാവ്യയ്ക്ക് നന്നായി അറിയാം, പലപ്പോഴും പണവും തന്നിട്ടുണ്ട്; പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍

    നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം ആരെന്ന് വെളിപ്പെടുത്താതെ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പള്‍സര്‍ സുനി. മറ്റൊരു കേസില്‍ ഹാജരാക്കാന്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍ സുനി മുന്‍നിലപാടുകളില്‍നിന്ന് മലക്കംമറിഞ്ഞത്. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ടെന്നും അവര്‍ സിനിമാ നടിയെന്നു പള്‍സര്‍ സുനി ആവര്‍ത്തിച്ചിരുന്നു.
    നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നും നടി കാവ്യമാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞു.

    തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.

    ഈ നടിയുടെ പേര് വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് തടഞ്ഞിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അങ്ങനെയൊരാള്‍ ഇല്ലെന്ന് സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു.

    പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.