വാദം പൂര്‍ത്തിയായി; ദിലീപിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. പ്രൊസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.

പ്രതിഭാഗം വാദം ഇന്നലെയും ഇന്നുമായി നാലര മണിക്കൂറോളം നീണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് വേഗത്തില്‍ അവസാനിച്ചു. ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു.

ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതെന്നും സുനി ജയിലില്‍നിന്ന് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ കരട് തയ്യാറാക്കി നല്‍കിയത് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ച, ജയിലിന് പുറത്തുനിന്നുള്ള ചിലരാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.