പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് 26 വയസിനിടെ അശ്വതി സമ്പാദിച്ചത്‌ കോടികളുടെ ആസ്തി; സിവില്‍ എന്‍ജിനീയര്‍ ചമഞ്ഞ് ഗള്‍ഫിലേക്കു കടന്നു ട്രേഡിങ് കമ്പനിയുടെ മറവില്‍ മലയാളികളില്‍നിന്ന് കോടികള്‍ മുക്കി

ഗള്‍ഫിലെ കമ്പനിയില്‍ ബിസിനസ് പങ്കാളിത്വം വാഗ്ദാനം ചെയ്തു രണ്ടുകോടി അറുപത്തിനാലു ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഇരുപത്താറുകാരിയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതി അറസ്റ്റിയതോടെ കൂടുതല്‍ പരാതികള്‍ വരുമെന്നാണു കരുതുന്നത്. ഇത്തരത്തിലുള്ള സമാന കേസുകളെ പറ്റിയും അന്വേഷണം നടത്തും. അത്തരം കേസ്സുകളില്‍ യുവതിക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിക്കും. കോട്ടയം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം കുറുംപ്പംപടി രായമംഗലം സ്വദേശിനി തോട്ടത്തിക്കുടി വീട്ടില്‍ അശ്വതി(24)യെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് സിവില്‍ എന്‍ജിനിയറായിരുന്ന യുവതി ജോലി രാജിവച്ച് അവിടെ ട്രേഡിങ് കമ്പനി നടത്തിവരികയായിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതി ചെയ്ത് ഗള്‍ഫ് മേഖലയില്‍ വില്പന നടത്തുന്ന കമ്പനിയില്‍ മികച്ച രീതിയിലുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്താണ് 2016 സെപ്റ്റംബര്‍ മുതല്‍ പണമായും ചെക്കായും തുക കൈപ്പറ്റിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതം ലഭിക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതിനകം ദുബായിലെ ഓഫീസ് അടച്ച് നാട്ടിലേക്ക് എത്തിയ യുവതി പണം തിരികെ നല്‍കാന്‍ അവധികള്‍ ചോദിച്ച് മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പരാതിക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അശ്വതി നടത്തിയതു തട്ടിപ്പുകളുടെ പരമ്പര തന്നെയെന്നാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്. പെരുമ്പാവൂര്‍ കുറുപ്പംപടിക്കടുത്ത് രായമംഗലം തോട്ടത്തിക്കുടിവീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകളായ അശ്വതിക്കു ചെറുകിട തട്ടിപ്പുകള്‍ ശീലമായിരുന്നു. ഇവയുടെ പേരിലുള്ള കേസുകള്‍ ഒതുക്കിത്തീര്‍ത്താണ് അഞ്ചു വര്‍ഷംമുമ്പ് ദുബായിലേക്കു പോയത്. സിവില്‍ എന്‍ജിനീയറായി ദുബായിലെത്തിയ അശ്വതിക്ക് എസ്.എസ്.എല്‍.സി. യോഗ്യത മാത്രമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കടബാധ്യത ഏറിയതോടെ ഉണ്ണിക്കൃഷ്ണന്റെ പേരിലുള്ള രായമംഗലത്തെ വീടും സ്ഥലവും എട്ടു വര്‍ഷം മുമ്പു വിറ്റു.

തുടര്‍ന്ന് വേങ്ങൂരിലെ അമ്മയുടെ വീടിനടുത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. അശ്വതിയുടെ ജ്യേഷ്ഠസഹോദരന്‍ വിവാഹത്തിനുശേഷം വിദേശത്താണ്. ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഉണ്ണിക്കൃഷ്ണന്‍ മരിച്ചു. വിദേശത്തേക്കുപോയ അശ്വതി പലതവണ കേരളത്തില്‍ എത്തിയെങ്കിലും നാട്ടിലേക്കു വരാറില്ല. ഇതിനിടയില്‍ എറണാകുളത്തെ ഹോട്ടലില്‍വച്ച് അശ്വതിയുടെ വിവാഹം കഴിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.