ഗുര്‍മിത് റാം റഹിം കുറ്റക്കാരന്‍; ശിക്ഷ 28ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ദേര സച്ചാ സൗധ നേതാവും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുർമീത് റാം റഹീം സിംഗ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി വിധി. ശിക്ഷ 28ന് പ്രഖ്യാപിക്കും

തനിക്കെതിരെയുള്ള പീഡനക്കേസിലെ വിധി കേൾക്കാൻ ദേര സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് പ്രത്യേക സി.ബി.ഐ കോടതിയിലെത്തിയത്. ഇരുന്നൂറോളം കാറുകളുടെയും ആയുധധാരികളായ അംഗരക്ഷകരുടെയും അകമ്പടിയോടൊപ്പമാണ് ഗുർമീത് കോടതിയിലെത്തിയത്.

അതേസമയം, വിധി പ്രസ്‌താവന കണക്കിലെടുത്ത് ഹരിയാനയിലും പഞ്ചാബിലും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തരമായി പിൻവലിച്ചു. പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ഗുർമീത് റാം റഹീം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇന്ന് വിധി പ്രസ്താവിക്കുക.

പ്രധാന നഗരങ്ങളെല്ലാം റഹീമിന്റെ വിശ്വാസികൾ വളഞ്ഞതിനാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുലയിൽ ഇതിനോടകം തന്നെ റാം റഹീമിന്റെ രണ്ട് ലക്ഷത്തോളം വരുന്ന ഭക്തർ എത്തിച്ചേർന്നിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരസേനയുടെ സഹായവും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഭക്തരോട് സംയമനം പാലിക്കാനും കോടതിവിധിക്കായി കാത്തിരിക്കാമെന്നും റാം റഹീം നിർദ്ദേശം നൽകിയിട്ടുണ്ട്. വിധി പുറത്തുവരുന്നതുവരെ സംസ്ഥാനത്തെ എല്ലാ എം.എൽ.എമാരോടും അതത് മണ്ഡലങ്ങളിൽ തങ്ങാനും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബിലും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

2002ലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ റാം റഹീമിനെതിരെ കേസെടുത്തത്. ആശ്രമത്തിലെ അനുയായികളായ രണ്ട് സ്ത്രീകളെ റാം റഹീം ലൈംഗികമായി പീഡിപ്പിച്ചതായി ഊമക്കത്തുകൾ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആശ്രമത്തിലെ 400 പുരുഷൻമാരെ റഹീം ഷണ്ഡൻമാരാക്കിയെന്ന കേസിലും സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്. ആത്മീയാചാര്യൻ റാം റഹീം, മെസഞ്ചർ ഒഫ് ഗോഡ് എന്ന ബോളിവു‌ഡ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തിയതും ഇയാൾ തന്നെ.