ഗുർമീത് ഭക്തരുടെ അക്രമം വ്യാപിക്കുന്നു; 17 പേര്‍ കൊല്ലപ്പെട്ടു

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെ കുറ്റക്കാരനായി കണ്ടെത്തിയതോടെ ഹരിയാനയിലും ചണ്ഡീഗഡിലും സംഘർഷം. സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മിൽ വിധി പറഞ്ഞ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി. സംഘർഷത്തിൽ 17 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

വിധി പുറത്തുവന്നയുടൻ കോടതിക്കു പുറത്ത് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുലയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റർനെറ്റ് കണക്‌ഷനും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാൻസയിൽ പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നേരെയും മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി.

പഞ്ചാബിൽ റെയിൽവേ സ്റ്റേഷനു തീവയ്ക്കാനുള്ള ശ്രമവും അനുയായികളിൽനിന്ന് ഉണ്ടായി. ഫിറോസ്പുർ, ഭട്ടിൻഡ എന്നിവിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.