തനിക്ക് 25,000 രൂപ തന്നത് നാദിര്‍ഷയെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തനിക്ക് വേണ്ട 25,000 രൂപ തന്നത് നാദിര്‍ഷയെന്ന് പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് നാദിര്‍ഷ പണം നല്‍കിയതെന്നാണ് മൊഴി. തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വെച്ചാണ് നാദിര്‍ഷായുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയത്.

ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നാദിര്‍ഷാ നല്‍കിയതെന്നും സുനി പറഞ്ഞു. പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനിക്ക് പണം നല്‍കിയത് താന്‍ ആണെന്ന് മൊഴി നല്‍കാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്നാണ് നാദിര്‍ഷയുടെ വാദം. താന്‍ നല്‍കിയ ജാമ്യഹര്‍ജിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

നാദിർഷയെ ചോദ്യം ചെയ്ത ശേഷം കാവ്യയേയും ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ബിൽ എത്താൻ കഴിയില്ലെന്ന് കാവ്യ അറിയിച്ചതായാണു വിവരം. അങ്ങനെയെങ്കിൽ വീട്ടിലെത്തി ചോദ്യം ചെയ്യാനിടയുണ്ട്. കാവ്യാ മാധവന്റെ വില്ലയിൽ പൾസർ സുനി സ്ഥിരം എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇതിന് ചില പരോക്ഷ തെളിവുകളും കിട്ടി. ഇതിനിടെയാണ് വില്ലയിലെ രജിസ്റ്ററിലേക്ക് അന്വേഷണം എത്തിയത്. ഇത് പൾസറിന്റെ വരവ് സ്ഥിരീകരിക്കാൻ സാധിക്കാമാകുമായിരുന്ന തെളിവായിരുന്നു. ഇതാണ് നഷ്ടമാകുന്നത്. പൾസർ കീഴടങ്ങുന്നതിന് മുന്പ് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി സ്ഥീരീകരിച്ചിട്ടുണ്ട്. സുനിയിൽ നിന്ന് കിട്ടിയ വിസിറ്റിങ് കാർഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് വെണ്ണലയിലെ വില്ലയിൽ പൾസർ എത്തിയതിന്റെ തെളിവുകൾ തേടി പൊലീസ് അന്വേഷണം തുടങ്ങിയത്. അതിനിടെയാണ് രജിസ്റ്റർ നശിപ്പിച്ചെന്ന വസ്തുത പൊലീസ് മനസ്സിലാക്കുന്നത്.

കേസിൽ മാപ്പുസാക്ഷിയുടെ സാധ്യത പൊലീസ് തേടുന്നുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്. ദിലീപിനേയും കാവ്യയേയും നാദിർഷായേയും കുടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. നാദിർഷായേയും കാവ്യയേയും ചോദ്യം ചെയ്ത അപ്പുണ്ണിയിൽ നിന്നും വീണ്ടും മൊഴിയെടുക്കും. പൾസറിന് കാവ്യയേയും ദിലീപിനേയും അറിയാമായിരുന്നുവെന്ന് അപ്പുണ്ണി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് അന്വേഷണത്തിൽ നിർണ്ണായകമാണ്. ഇത് കോടതിയിൽ അപ്പുണ്ണി പറഞ്ഞാൽ ദിലീപും കാവ്യയും നാദിർഷായും കുടുങ്ങും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നതിനുള്ള ആലോചന പൊലീസ് സജീവമാക്കുന്നത്.

കീഴടങ്ങുന്നതിന്റെ തലേ ദിവസം സഹായം തേടി കാവ്യാ മാധവന്റെ കൊച്ചി കാക്കനാട്ടെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോയിരുന്നതായി സുനിൽകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിലാണ് ലക്ഷ്യയുടെ വിസിറ്റിങ് കാർഡ് സുനിൽകുമാറിൽ നിന്ന് കിട്ടിയത്. ഇത് സ്ഥാപനത്തിലേതുതന്നയാണെന്നും സുനിൽകുമാർ ഇവിടെയെത്തയിരുന്നെന്നും ജീവനക്കാർ തന്നെ പൊലീസിനോട് സ്ഥീരികരിച്ചു. കാവ്യാ മാധവനെ അന്വേഷിച്ചാണ് സുനിൽകുമാർ എത്തിയത്. ആലുവയിലെന്ന് അറിയിച്ചപ്പോൾ മടങ്ങിപ്പോയി. സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡും വാങ്ങു. കീഴടങ്ങുന്നതിന് മുന്പ് താൻ ലക്ഷ്യയിൽ പോയിരുന്നെന്നും എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നും സുനിൽകുമാർ ജയിലിൽ നിന്ന് ദിലീപിനയത്ത കത്തിൽ ഉണ്ടായിരുന്നു. കീഴടങ്ങുന്നതിന് മുൻപ് സുനിൽകുമാർ ലക്ഷ്യയിൽ പോയി എന്നതിനുള്ള തെളിവായി ഈ വിസിറ്റിങ് കാർഡ് മാറും.

ജയിലിൽ നിന്ന് പൾസർ സുനി നാദിർഷായെ മൂന്നു തവണ ഫോൺ വിളിച്ചതിനു തെളിവുണ്ട്. എന്നാൽ, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിർഷാ പറഞ്ഞത്. പൾസർ സുനിയെ നാദിർഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്നു പൊലീസ്. നാദിർഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നൽകിയ ഫോൺ റെക്കോഡിങ് പൂർണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും സംശയങ്ങളുണ്ട്. കൃത്യമായ ഉത്തരം നൽകിയാൽ നാദിർഷായെ കേസിൽ പ്രതിചേർക്കില്ല. എന്നാൽ മറുപടി പിഴച്ചാൽ നാദിർഷായെ കേസിൽ പ്രതിയാക്കും. ചോദ്യം ചെയ്യലിനു വിധേയനാകാൻ തയാറാണന്നു നാദിർഷാ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് എപ്പോൾ വിളിച്ചാലും എത്താൻ തയാറാണെന്നും നാദിർഷാ പറയുന്നു.

ശാരീരിക പ്രശ്നം കാരണമാണു കഴിഞ്ഞയാഴ്ച പൊലീസ് ഹാജരാൻ വിളിച്ചപ്പോൾ എത്താതിരുന്നതെന്നും നാദിർഷാ അറിയിച്ചിട്ടുണ്ട്. നാദിർഷയെ ചോദ്യം ചെയ്യുന്നതിനും വേണമെങ്കിൽ അറസ്റ്റുചെയ്യാനും തടസമില്ലെന്നു ഹൈക്കോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാമ്യ ഹർജിയിൽ കോടതി തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത നാദിർഷ ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹർജി നാളെ പരിഗണിക്കുന്നതിനാലാണു ഹാജരാകാത്തതെന്ന വിലയിരുത്തലെത്തി. ഇതോടെ കടുത്ത നടപടികൾക്ക് പൊലീസ് തയ്യാറെടുത്തു. ഈ സാഹചര്യം മനസ്സിലാക്കിയാണ് ചോദ്യം ചെയ്യലിന് എപ്പോൾ വേണമെങ്കിലും എത്താമെന്ന് നാദിർഷാ അറിയിച്ചത്.

ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ നടൻ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന. ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണ്. ദിലീപിന്റെ ജയിൽ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തൽ. അതിനിടെ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകുക. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടും.ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുൻപ് രണ്ടുതവണയും ഹൈക്കോടതി ജാമ്യ ഹർജി തള്ളിയിരുന്നു.

താൻ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നൽകിയെന്നാണു സൂചന. പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ നൽകുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കാനാണു പ്രോസിക്യുഷൻ നീക്കം. നാദിർഷ, അപ്പുണ്ണി, കാവ്യാ മാധവൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കരുതുന്നു.