3 തവണ താവളം മാറ്റി: ഐ.എസ് തടവറയിലെ ജീവിതത്തെക്കുറിച്ച് ഫാ. ടോം ഉഴുന്നാല്‍

വത്തിക്കാന്‍ സിറ്റി: വിവിധ രാജ്യങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയുമെല്ലാം ഇടപെടലുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഐഎസ് തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഫാദര്‍ ടോം ഉഴുന്നാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
നിലവില്‍ വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാല്‍ അവിടെ സലേഷ്യന്‍ സഭയു സംരക്ഷണയിലാണ് കഴിയുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും മനസ്സിനും ശരീരത്തിനുമേറ്റ ആഘാതങ്ങളെ മറികടക്കാനും പുണ്യനഗരത്തിലെ വാസം ഫാദര്‍ ഉഴുന്നാലിനെ സഹായിക്കുമെന്ന് സല്യേഷന്‍ നേതൃത്വം കരുതുന്നു.

ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ കാണാനെത്തിയവരോട് ടോം ഉഴുന്നാല്‍ പറഞ്ഞത് ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ്. കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് ഉഴുന്നാലിനെ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.
വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്ബസാരിക്കണമെന്ന ആവശ്യം അനുവദിച്ചു.