ധനുഷിന്റെ മാരി-2ൽ സായിപല്ലവി നായിക

ധനുഷിന്റെ മാരി-2ൽ സായിപല്ലവി നായികയാകും. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എ.എൽ വിജയ്‌യുടെ ‘കരു’വിന് ശേഷം സായി നായികയാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി-2.
മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അഭിയും അനുവും’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് മാരി-2. 2015ൽ ഇറങ്ങിയ മാരിയിൽ വിജയ് യേശുദാസായിരുന്നു വില്ലൻ. ടൊവിനോയും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും മാരി 2. സെപ്‌തംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോയുടെ ‘തരംഗം’ നിർമ്മിച്ചത് ധനുഷായിരുന്നു. ഹോളിവുഡ് സിനിമയായ ‘ദ എക്‌സട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ’ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ് ഇപ്പോൾ. ‘വേലയില്ല പട്ടതാരി 2’ ആണ് ധനുഷിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.