മുജീബ് റഹ്മാനെ എൻ.സി.പിയിൽ നിന്ന് പുറത്താക്കി

കായൽ കൈയേറ്റ വിഷയത്തിൽ എൻ.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. നേരത്തെ മുജീബനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാർട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
എൻ.സി.പിയിലെ ഒരുവിഭാഗം നേതാക്കൾ കൊച്ചിയിൽ യോഗം ചേരുകയും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എൻ.സി.പിയിലെ എട്ട് ജില്ല പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. ചാണ്ടിയുടെ നിയമലംഘനം സർക്കാർ തലത്തിലും പാർട്ടി തലത്തിലും അന്വേഷിക്കണം. നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത നിലപാടിയിലേക്ക് പോകുമെന്നും മുജീബ് പറഞ്ഞിരുന്നു. പുറത്താക്കപ്പെട്ട മുജീബ് റഹ്മാൻ നിലവിൽ എൻ.സി.പി ദേശീയ സമിതി അംഗം, നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി താൻ പാർട്ടിയിൽ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും മുജീബ് റഹ്മാൻ പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.