ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച നടിമാര്‍ക്കെതിരേ സൈബര്‍ ആക്രമണം, സൈബര്‍ സെല്ലിന് പരാതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ സൈബര്‍ ലോകത്ത് വന്‍പ്രതികരണങ്ങള്‍. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉറച്ച നിലപാടെടുത്ത മറ്റു സഹനടിമാര്‍ക്കു നേരെ വിവിധ ഫേസ്ബുക്ക് പേജിലൂടെ വലിയ പ്രചരണമാണ് നടക്കുന്നത്. ലൂസേഴ്‌സ് മീഡിയ എന്ന ഒരു ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച്ച വന്നൊരു പോസ്റ്റ് ഇങ്ങനെ- ഏട്ടനെതിരേ സംസാരിച്ച ഫെമിനിച്ഛികള്‍ ഓര്‍ത്താല്‍ നല്ലത്. യഥാര്‍ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടത്തുന്നതേ ഉള്ളു. ദിലീപേട്ടന്‍ ഒന്ന് മനസുവച്ചാല്‍ മതി മക്കളെ… പിന്നെ നീയൊക്കെ ഇവിടത്തെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും.

ഈ പോസ്റ്റ് നടി സജിത മഠത്തില്‍ ഷെയര്‍ ചെയ്തതോടെ സൈബര്‍ സെല്ലിന് പരാതി ലഭിച്ചുകഴിഞ്ഞു. പേജിന്റെ അഡ്മിനെക്കുറിച്ചും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും സൈബര്‍സെല്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പേജ് പൂട്ടിക്കുന്നത് വ്യാപകമായ റിപ്പോര്‍ട്ടിംഗും നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണയുമായി ഓടിയെത്തിയ പൃഥ്വിരാജിനു നേര്‍ക്കും ആക്രമണം ശക്തമാണ്. ഫേസ്ബുക്കില്‍ അദേഹത്തിന്റെ പേജില്‍ അശ്ലീലകമന്റുകള്‍ പ്രവഹിക്കുകയാണ്. ദിലീപ് ഫാന്‍സ് എന്ന രീതിയിലാണ് കമന്റുകളിലേറെയും.