നടിക്ക് നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തമാക്കും: ഡബ്ല്യു.സി.സി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ നടിക്കുള്ള പിന്തുണ കൂടുതൽ ശക്തമാക്കുന്നതായി സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി ) വ്യക്തമാക്കി. സംഘടനയുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സഹപ്രവർത്തകയ്‌ക്ക് നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നതായി ഡബ്ല്യു.സി.സി വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ പ്രതിയായ ദിലീപിന് 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. നടനെ സ്വീകരിക്കാൻ ജയിലിന് പുറത്തും വീടിന് പുറത്തും വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. നടന് അനുകൂലമായി സോഷ്യൽ മീഡ‌ിയയിലും പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടിക്കുള്ള പിന്തുണയറിയിച്ച് വനിതാ സംഘടന രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്‌മ, ഞങ്ങളുടെ സഹപ്രവർത്തകയ്‌ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!