ഫോമാ റിട്ടയര്‍മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍ ചിക്കാഗോയില്‍ ഒക്‌ടോബര്‍ 15ന്

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സമന്വയത്തിന്റെ പതാകയേന്തുന്ന ഫോമായുടെ ആഭിമുഖ്യത്തില്‍ ഇല്ലിനോയിസിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ച് മൗണ്ട് പ്രോസ്‌പെക്ടിലെ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് ഒക്‌ടോബര്‍ 15-ാം തീയതി ശ്രദ്ധേയമായ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. ‘റിട്ടയര്‍മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന വിഷയത്തെ ആസ്പദമാക്കി മാസ് മ്യൂച്ചലിന്റെ പ്രതിനിധി ജോര്‍ജ് ജോസഫ് പ്രഭാഷണം നടത്തും. ഇത് ഒരു പ്രഭാഷണം എന്നതിലുപരി നമ്മുടെ റിട്ടയര്‍മെന്റ് ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു ക്ലാസ്സ് തന്നെയാണ്.

മലയാളി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമാകുന്ന ഒട്ടനവധി വിഷയങ്ങളും അന്നേ ദിവസം ചര്‍ച്ച ചെയ്യപ്പെടുകയാണ്. റിട്ടയര്‍മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ്, ടാക്‌സ്, ഐ.ആര്‍.ഐ, ഫോറോ വണ്‍, ഡെത്ത് ബെനിഫിറ്റ് എന്നിവ കൂടാതെ സോഷ്യല്‍ വെല്‍ഫെയര്‍ സംവരണങ്ങളെക്കുറിച്ചും ചോദ്യോത്തര വേള ക്രമീകരിച്ചിരിക്കുന്നു.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ ചിരകാല അഭിലാഷങ്ങളിലൊന്നാണ് ഒരു ബാങ്ക്വറ്റ് ഹാള്‍ എന്നത്. ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി ഫോമാ മുന്‍കൈ എടുത്ത് അതിന്റെ സാധ്യതകളെ പറ്റി ചര്‍ച്ച ചെയ്യുന്നതായിരിക്കും. അധികം താമസിയാതെ മലയാളി സമൂഹത്തിന്റെ സര്‍വതോന്മുഖമായ ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍ദിഷ്ട ബാങ്ക്വറ്റ് ഹാള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

സെമിനാറിനോടനുബന്ധിച്ച് വിമന്‍സ് ഫോറവും കൃത്യമായ അജണ്ട തയ്യാറാക്കിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തെ കുറിച്ചുള്ള ചര്‍ച്ച തദവസരത്തില്‍ നടക്കുന്നതാണ്. ഫോമായുടെ ജനപക്ഷ സമീപനത്തിന്റെ മുഖമുദ്രയായി സംഘടിപ്പിക്കപ്പെടുന്ന ഈ സൗഹൃദക്കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഫോമാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.