എന്റെ രണ്ട് മക്കളാണേ സത്യം ആ സ്ത്രീയെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല! തട്ടിപ്പുകാരേക്കാള്‍ വിശ്വസ്തത ഞങ്ങള്‍ക്കില്ലേ? സോളാര്‍ വിഷയത്തില്‍ എ പി അബ്ദുള്ളക്കുട്ടിയ്ക്കും ഹൈബി ഈഡനും പറയാനുള്ളത്

സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചൂടുപിടിച്ചു കഴിഞ്ഞു. അതില്‍ വെന്തുരുകുന്നതാവട്ടെ, യുഡിഎഫിലെ പ്രബലരായ ചില നേതാക്കളും. ഉമ്മന്‍ചാണ്ടി മുതല്‍ ജോസ് കെ മാണി വരെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നു കഴിഞ്ഞു. ആരോപണവിധേയരായവരെല്ലാം തന്നെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. എ പി അബ്ദുള്ളക്കുട്ടിയും ഹൈബി ഈഡന്‍ എംഎല്‍എയുമാണ് ഏറ്റവുമൊടുവില്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. യുഡിഎഫ് കാലത്ത് പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണ് സോളാര്‍ തട്ടിപ്പ് കേസെന്ന് എ.പി അബ്ദുളളക്കുട്ടി പറഞ്ഞു.

തന്റെ രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അബ്ദുളളക്കുട്ടി പറയുന്നു. അതേസമയം രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. തട്ടിപ്പുകാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ തങ്ങള്‍ക്കുണ്ടെന്നും ഹൈബി പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുളള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അബ്ദുളളക്കുട്ടിക്കും ഹൈബി ഈഡനുമെതിരെ മാനഭംഗത്തിന് ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം.