കെപിസിസി ഭാരവാഹി പട്ടികയായി; സ്ത്രീകൾക്കും യുവാക്കൾക്കും ദലിതർക്കും അർഹമായ പ്രാതിനിധ്യമില്ല

ഗ്രൂപ്പുകൾ തമ്മിലെ ഒത്തുതീർപ്പ് ധാരണ പ്രകാരം കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക തയാറാക്കി.  282 പേരെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ പിന്നാക്ക സമുദായക്കാർക്കും, സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.

പട്ടികയിൽ പുതുമുഖങ്ങൾ പത്ത്  പേരാണ്. എല്ലാവരും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോർട്ട്. 18 സ്ത്രീകൾക്ക് ഇടം ലഭിച്ചപ്പോൾ പത്ത് പേർ മാത്രമാണ് പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ളത്. യുവാക്കളുടെ എണ്ണവും കുറവാണ്.

മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.  വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാൽ മുതിർന്ന നേതാക്കളായ കെ.ശങ്കരനാരായണൻ, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കൾക്ക് പുതിയ പട്ടികയിൽ ഇടം ലഭിച്ചു.

ഐ ഗ്രൂപ്പിനെ അപേക്ഷിച്ച് പട്ടികയിൽ 22 പേരെ അധികം പട്ടികയിൽ ഉൾപ്പെടുത്താൻ എ ഗ്രൂപ്പിന് സാധിച്ചു.  എംപിമാർ നിർദേശിച്ച ചില പേരുകൾ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.   പട്ടികയെക്കുറിച്ച് വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണുന്നുണ്ട്.