മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം; ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും ഹൈക്കോടതി

    കൊച്ചി: മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി. പ്രണയത്തിന് അതിർ വരമ്പില്ല. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര്‍ വാപസിയായും പ്രചരിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.

    കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ വിവാഹവും ലൗ ജിഹാദല്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രുതിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

    ബലം പ്രയോഗിച്ചുള്ള മതം മാറ്റവും, മതം മാറിയവരെ ബലം പ്രയോഗിച്ചോ മറ്റോ പഴയ മതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമോ നടത്തിയാൽ അത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോടതി അഭിപ്രായ പ്പെട്ടിട്ടുണ്ട്. നിർബ്ബന്ധിതമായി മതം മാറ്റാനുള്ള് കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഏതു വിശ്വാസത്തിൽ ജീവിക്കണമെന്നത് മൗലിക അവകാശമാണെന്ന വ്യക്തതയാണ് ഇതിലൂടെ കോടതി വരുത്തിയിരിക്കുന്നത്. മിശ്രവിവാഹങ്ങളെ ജാതീയമായി എപ്പോഴും ചിത്രീകരിക്കപ്പടുന്നു. ഇതു ശരിയല്ല. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കമെന്നും കോടതി പറഞ്ഞു

    ശ്രുതിയയുടെ വിവാഹം ലൗ ജിഹാദല്ല. പ്രണയത്തിന് അതിർവരമ്പുകളില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ സ്വദേശിനിയായ ശ്രുതിക്ക് ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

    കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നൽകിയ ശ്രുതിയുടെ കേസിൽ ലൗ ജിഹാദിന്റെ സൂചനകൾ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ഹേബിയസ് കോർപ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘർ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു.

    തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിനെതിരെയാണ് കാസർകോട് സ്വദേശിയായ ശ്രുതി പരാതി ഉയർത്തിയത്. മതംമാറിയ പെൺകുട്ടികളെ തിരികെ എത്തിക്കുന്നതിനായി മർദ്ദനം അടക്കമുള്ള കാര്യങ്ങളാണ് നടക്കുന്നത് എന്നതായിരുന്നു പരാതി.

    യോഗ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. ലൗ ജിഹാദെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു യോഗ സെന്ററിൽ എത്തിച്ചതെന്നും തന്നെ ദിവസങ്ങളോളം അവിടെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതായി പെൺകുട്ടികൾ വെളിപ്പെടുത്തുന്നു.മയക്കുമരുന്നു നൽകി മയക്കി മർദ്ദിക്കാറുണ്ടെന്ന് യോഗാ സെന്ററിലെ മുൻ പരിശീലകനും വെളിപ്പെടുത്തിയിരുന്നു.

    കെട്ടിയിട്ട് വായിൽ തുണി തിരുകി പാട്ടുവച്ചായിരുന്നു അവർ മർദ്ദിച്ചത്. ഞാൻ പ്രണയിച്ച മുസ്ലിം യുവാവിനെ വേണ്ട എന്ന് പറയുന്നതുവരെ അവർ മർദ്ദിച്ചു. ആറ് മാസത്തോളം മർദ്ദനം തുടർന്നു. ദിവസവും ഏഴോ എട്ടോ ഗുളികകൾ തന്നു. എന്ത് ഗുളികകളാണെന്നൊന്നും അറിയില്ല. പിന്നീട് അമൃത ആശുപത്രിയിൽ കൊണ്ടുപോയി അവിടെ ആറ് ആഴ്ച കിടത്തി. മാനസിക രോഗമാണെന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ ഞാൻ പ്രണയിച്ച ആൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഈ വിവരങ്ങളാണ് സെന്ററിൽ നിന്നും പുറത്തുവന്ന അഷിത വ്യക്തമാക്കിയത്.

    അവിടേക്ക് പോകാൻ സമ്മതമാണെന്ന് കാണിച്ചുകൊണ്ടുള്ള സമ്മതപത്രവും എന്റെ കയ്യിൽ നിന്നും എഴുതിവാങ്ങിയിരുന്നു. ലൗജിഹാദാണെന്ന് അവർ പറഞ്ഞത്. എന്നാൽ ഒരിക്കൽ പോലും ഞാൻ പ്രണയിച്ച വ്യക്തി എന്നോട് മതംമാറണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല ഇവർ അദ്ദേഹത്തെ വിളിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്നും അങ്ങെയാണെങ്കിൽ നിങ്ങളുടെ വിവാഹം നടത്തിത്തരാമെന്നും പറഞ്ഞിരുന്നു. എനിക്ക് മതം മാറാതെ കേരളത്തിൽ ജീവിക്കണം.- അഷിത പറയുന്നു.

    അതേസമയം ആരോപണങ്ങൾ ഉയർന്ന യോഗാ കേന്ദ്രത്തിലെ നടത്തിപ്പുകാരനായ മനോജ് ഗുരുജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇയാൾക്കൊപ്പം യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്.