മലയാള സിനിമ കള്ളപ്പണക്കാരുടെ പിടിയിലെന്ന് പരാതി; 100 കോടി വെളുപ്പിച്ചു

തിരുവനന്തപുരം: ബോളിവുഡും തെലുങ്ക് സിനിമാ രംഗമായ ടോളിവുഡും കഴിഞ്ഞാല്‍ ഏറ്റവുമധികം പണമൊഴുകുന്നത് മലയാള സിനിമാ വ്യവസായത്തിലാണ്. വര്‍ഷം തോറും കോടികളുടെ വ്യവസായമാണ് മലയാള സിനിമയില്‍ നടക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഈ കൂറ്റന്‍ വ്യവസായ മേഖലയില്‍ വലിയ പിടിയൊന്നുമില്ല. കോടിക്കണക്കിന് കള്ളപ്പണം സിനിമ വഴി വെളുപ്പിക്കുന്നുണ്ട് എന്ന ആരോപണം നേരത്തെ ഉള്ളതാണ്.

കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് ശേഷമാണ് മലയാള സിനിമയിലെ ദുഷ്പ്രവണതകള്‍ വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നത്. ക്രിമിനല്‍ മാഫിയയുടെ പിടിയിലാണ് മലയാള സിനിമ എന്നത് സിനിമാ രംഗത്ത് തന്നെയുള്ള പ്രമുഖര്‍ ആരോപിച്ചു.

നടിയുടെ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ ചര്‍ച്ചയായ കൂട്ടത്തിലാണ് മലയാള സിനിമയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നു എന്ന ആരോപണവും ഉയര്‍ന്നു വന്നത്. മലയാള സിനിമയിലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു.

2014ല്‍ സിനിമാ മേഖലയില്‍ 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട് എന്ന ആരോപണമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 25ന് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. മലയാള സിനിമാ ലോകം മാഫിയകളുടേയും കള്ളപ്പണക്കാരുടേയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ് എന്ന് പരാതിയില്‍ ചെന്നിത്തല ആരോപിക്കുന്നു.

എറണാകുളത്ത് പ്രമുഖ നടിക്ക് നേരെ നടന്ന ആക്രമണം അതിന് ഉദാഹരണമാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുകയുണ്ടായി. വര്‍ഷം തോറും 125-150 സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങുന്നത്. അതില്‍ സാമ്പത്തിക വിജയം നേടുന്നതാകട്ടെ പത്തോളം സിനിമകള്‍ മാത്രം.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇതേ നിര്‍മ്മാതാക്കള്‍ വീണ്ടും സിനിമ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് ലക്ഷ്യം എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

2014ല്‍ 150 സിനിമകളാണ് പുറത്തിറങ്ങിയത്. ഇതില്‍ 60 സിനിമകളെക്കുറിച്ചും യാതൊരു വിവരവുമില്ല. 100 കോടിയുടെ കള്ളപ്പണം ഈ സിനിമകള്‍ വഴി വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ചെന്നിത്തല പരാതി ഉന്നയിച്ചിരിക്കുന്ന കാലത്ത് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരാണ് ഭരിച്ചിരുന്നത് എന്നതാണ് വിരോധാഭാസം.