വിമാനത്തില്‍ ലാപ്ടോപുകള്‍ നിരാധിച്ചേക്കും

തീപ്പിടിത്ത ഭീഷണി ഒഴിവാക്കാന്‍ ലാപ്ടോപ്പ് അടങ്ങിയ ബാഗുകള്‍ വിമാനത്തിനകത്ത് നിരോധിക്കുന്ന കാര്യം ആഗോള വ്യോമയാന സുരക്ഷാ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പരിഗണിക്കുന്നു.

ഈ മാസം അവസാനം ചേരുന്ന യോഗത്തില്‍ യു.എന്‍ ഏജന്‍സിയായ ഐ.സി.എ.ഒ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. വിമാനത്തിനകത്ത് അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ലാപ്ടോപ്പ് ഉള്‍പ്പെടുത്തുമെങ്കിലും അതത് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരൂമാനമെടുക്കാം.

ലാപ്ടോപ്പ് ബാറ്ററികള്‍ ചൂടേറുന്നതാണ് പ്രശ്നം. വിമാനത്തില്‍ ലഗേജുകള്‍ നിറയ്ക്കുന്ന കാര്‍ഗോ ഹോള്‍ഡിനകത്തു വച്ച് ലാപ്ടോപ് ബാറ്ററി കത്തിയാല്‍ വിമാനത്തിനകത്തെ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച തീ അണയ്ക്കാന്‍ സാധിക്കില്ല. ഇതു വിമാന ദുരന്തത്തിലേക്കു നയിച്ചേക്കാം. ഈ അപകട സാധ്യതയെ മുന്‍നിര്‍ത്തിയാണ് ലാപ്ടോപ്പുകള്‍ വിമാനത്തിനകത്ത് നിരോധിക്കുന്ന കാര്യം പരിശോധിക്കുന്നത്.
അതേസമയം, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ് എ എ) ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിലക്ക് വേണമെന്ന് ആവശ്യപ്പെടുന്ന ഐ.സി.എ.ഒയില്‍ എഫ് എ എയും അംഗമാണ്.

ലിഥിയം ബാറ്ററികളുടെ തീപ്പിടിത്ത ഭീഷണി പുതിയ സംഭവമല്ല. 2015-ല്‍ യുഎസ് വിമാനങ്ങളില്‍ ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിലക്കിയിരുന്നു. ലാപ്ടോപ് ബാറ്ററികളില്‍ ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച കടത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം നേരത്തെ ചിലയിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ലാപ്ടോപ് നിരോധിച്ചിരുന്നു. പുതിയ പരിശോധനാ ഉപകരണങ്ങളും മറ്റും സ്ഥാപിച്ചിതോടെ പലയിടത്തും ഈ വിലക്ക് പിന്നീട് നീക്കുകയും ചെയ്തു.