മെർസൽ വിവാദത്തിൽ കൈ പൊള്ളി ബിജെപി

മെർസൽ വിവാദത്തിൽ കൈ പൊള്ളി ബിജെപി, തെറ്റാവിജയ് നായകനായുള്ള ആറ്റ്ലീ ചിത്രം മെർസലുമായി കൊമ്പ് കോർത്തു പുലിവാലു പിടിച്ച് ബിജെപി. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് മെർസലിനെതിരെ ബിജെപി തിരിഞ്ഞത്. എന്നാൽ ബിജെപി എതിർത്ത ഡയലോഗുകൾ വിവിധ ഭാഷകളിൽ തർജമ ചെയ്ത് പ്രചരിപ്പിച്ചാണ് വിജയ് ആരാധകരും അല്ലാത്തവരും ബിജെപിയെ കുരുക്കിയത്.

“7% ജി എസ് ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ ഒരുക്കാമെങ്കിൽ 28%ജി എസ് ടി ഈടാക്കുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ആയിക്കൂടാ “എന്ന മെർസലിലെ ഡയലോഗ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വിജയിനെതിരായ മത പ്രയോഗങ്ങളും ബിജെപിക്ക് തിരിച്ചടിയായി. “കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങൾ അല്ല, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം”എന്ന ഡയലോഗ് ആണ് മതപരമായി വിജയിനെ ആക്രമിക്കാൻ ബിജെപി ആയുധമാക്കിയത്. എന്നാൽ പലരും ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങളാണ് ഇളയ ദളപതി ചോദിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ മറുപടി.

അതേസമയം ചിത്രത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമ. ഈ സിനിമയിൽ ഇടപെട്ട് തമിഴ് പ്രതാപത്തെ “ഡിമോണി-റ്റൈസ്” ചെയ്യരുതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.