തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി നിയമോപദേശം തേടി

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ നടപടി വൈകിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തുടരുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കാതെ കൂടുതൽ നിയമോപദേശത്തിനായി മുഖ്യമന്ത്രി നീങ്ങുയാണ്. കളക്ടറുടെ റിപ്പോർട്ടിന്മേൽ എജിയോട് (അഡ്വക്കേറ്റ് ജനറൽ) അഭിപ്രായം തേടാൻ മുഖ്യമന്ത്രി തീരുമാനിച്ചു.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കന്പനി നിയമലംഘനം നടത്തിയെന്ന് കളക്ടർ ടി.വി.അനുപമ വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നും കന്പനിയും തോമസ് ചാണ്ടിയും സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇക്കാര്യം തോമസ് ചാണ്ടി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നടപടി വൈകിപ്പിക്കാൻ എജിയോട് സർക്കാർ നിയമോപദേശം തേടുന്നത്.

വാട്ടർ വേൾഡ് ടൂറിസം കന്പനിയുമായി ബന്ധപ്പെട്ട് കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ നടപടി ശിപാർശ ചെയ്ത് കളക്ടർ നൽകിയ റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്നുമാണ് തോമസ് ചാണ്ടിയുട വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.