കിണറ്റിൽ വീണ കുട്ടിക്ക് പിന്നാലെ അമ്മയും ചാടി, കയറിൽ തൂങ്ങികിടന്ന അമ്മയേയും കുഞ്ഞിനേയും നാട്ടുകാർ രക്ഷിച്ചു

ജീവൻ പണയം വച്ച് നടത്തിയ സാഹസികതയിലൂടെ അമ്മക്ക് കുഞ്ഞിനെ രക്ഷിക്കാനായി.ചേന്നാട് മാളിക താന്നിപ്പൊതിയിൽ ആന്റണി–മായ ദമ്പതികളുടെ ഏകമകൻ അലൻ (അപ്പു–ഒന്നര വയസ്സ്) ആണ് ഇന്നലെ രാവിലെ ഒൻപതുമണിയോടെ കിണറ്റിൽ വീണത്. വീടിന് പിൻവശത്തെ കിണറ്റിൽനിന്നു വെള്ളമെടുക്കാൻ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു അലൻ. വെള്ളമെടുത്തശേഷം മായ തിരിഞ്ഞു നടന്നപ്പോൾ കിണറിനു സമീപമുണ്ടായിരുന്ന കല്ലിൽ കയറി തൊട്ടിയിൽ പിടിക്കാൻ ശ്രമിച്ച അലൻ 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു. കിണറ്റിൽ 20 അടിയോളം വെള്ളവുമുണ്ടായിരുന്നു. കുട്ടി കിണറിൽ വീഴുന്നത് കണ്ടപ്പോൾ മായ മറ്റൊന്നും ആലോചിച്ചില്ല.

കയറിൽ പിടിച്ച് കിണറിലേക്ക് ഊർന്നിറങ്ങി, 30 അടിയോളം വെള്ളത്തിൽ വീണ കുഞ്ഞ് പൊങ്ങിവന്നപ്പോൾ പിടിച്ചു. പിന്നെ അമ്മയും മോനും കയറിൽ തൂങ്ങി വെള്ളത്തിനു മുകളിൽ കിടന്നു. ഈ സമയത്ത് മായയുടെ കൈയിലെ തൊലി എല്ലാം പോയി വേദനിച്ചിട്ടും കയർ വിടാതെ മനസാനിധ്യം കാത്തു. മായയുടെ ബഹളം കേട്ട് അയൽവാസിയും കെഎസ്ആർടിസി പാലാ ഡിപ്പോയിലെ കണ്ടക്ടറുമായ റിജു സദാനന്ദൻ, റിജുവിന്റെ അമ്മ അമ്മിണി എന്നിവരും നാട്ടുകാരുമെത്തി.

മറ്റൊരു കയറിൽ റിജുവും കണറ്റിലേക്കിറങ്ങി. താഴെയെത്തിയപ്പോഴേക്കും കയ്യിലെ തൊലി പാതി കയറിലായി. എങ്കിലും മനഃസാന്നിധ്യം വെടിഞ്ഞില്ല. അലനെ കയ്യിൽ വാങ്ങിയശേഷം കയറിൽ തൂങ്ങി നിൽക്കുന്ന മായയെ താങ്ങിനിർത്തി. അപ്പോഴേക്കും കൂടുതൽ ആളുകളെത്തി. കയറിൽ കസേര കെട്ടിയിറക്കി മായയെയും കുഞ്ഞിനെയും അതിലിരുത്തി കരയ്ക്കു കയറ്റുകയായിരുന്നു. ആ​ന്‍റ​ണി- മാ​യ ദമ്പതികൾക്ക് വിവാ​ഹ​ശേ​ഷം എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജ​നി​ച്ച കണ്മണിയായിരുന്നു അ​പ്പൂ​സ് എ​ന്ന അ​ല​ൻ ആ​ന്‍റ​ണി.