ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളത്; അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് എന്‍.എസ്.എസ്‌

അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെ എതിര്‍പ്പുമായി എന്‍എസ്എസ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അഹിന്ദുക്കള്‍ക്ക് അനുമതി നല്‍കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

അഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത് തന്നെ എന്തിനാണെന്ന് മനസിലാവുന്നില്ല. മറ്റ് മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ദേവാലയങ്ങളില്‍, അവര്‍ പവിത്രമായി കാണുന്ന ഇടങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. അതുപോലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ക്ഷേത്രങ്ങളായി തുടരട്ടേയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈശ്വരനെന്ന വിശ്വാസത്തോടെ അഹിന്ദുക്കള്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ ആരാധിക്കാനിടയില്ല. അവര്‍ക്കത് ശിലയോ, മരമോ മാത്രമായിരിക്കും. എന്നാല്‍ ഹിന്ദുവിന് പ്രപഞ്ചത്തിന്റെ സൃഷ്ടിയും, സ്ഥിതി, ലയ കാരണക്കാരനായ ദേവീ ദേവന്മാരുടെ പ്രതീകങ്ങളുമാണ് വിഗ്രഹങ്ങള്‍.

ശബരിമലയുടെ കാര്യം മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 41 ദിവസത്തെ വ്രതമെടുത്താണ് ഭക്തര്‍ ശബരിമലയിലെത്തുന്നത് എന്നാണ് വിശ്വാസം, അതാണ് ആചാരം. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്നു എന്നതാണ് ശബരിമലയില്‍ ഇതര മതസ്ഥര്‍ക്കും ദര്‍ശനം നടത്താനുള്ള സാഹചര്യം ഉളവാക്കുന്നത്. മനശുദ്ധിയും, ശരീര ശുദ്ധിയും ക്ഷേത്രാരാധനയ്ക്ക് അത്യാവശ്യമാണ്. വ്യത്യസ്തമായ വിശിഷ്ടാചാരങ്ങള്‍ കൊണ്ട് ബന്ധമാണ് ക്ഷേത്രവും പ്രതിഷ്ഠയുമെന്നും സുകുമാരന്‍ നായര്‍ പറയുന്നു.