ഒരു ലക്ഷം ഡോളറിന്റെ റജിസ്‌ട്രേഷനുമായി ബെന്നി വാച്ചാച്ചിറ ഷിക്കാഗോയിലേക്ക് !

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക് : 2018 ജൂണില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ ഫാമിലി കണ്‍വന്‍ഷന്‍ ഫോമയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുമെന്ന് ഉറപ്പാണ്.

4000 ആള്‍ക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടന്നു വരുന്നത്. കണ്‍വന്‍ഷന് ഇനിയും എട്ടു മാസങ്ങള്‍ ബാക്കി നില്‍ക്കെ, വളരെ നല്ല പ്രതികരണമാണ് വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണ്‍വന്‍ഷനില്‍ കൂടുതല്‍ കുടുംബങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനായി. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ കഴിഞ്ഞ പത്തു ദിവസങ്ങളായി വാഷിങ്ടന്‍ ഡിസി, ഫിലഡല്‍ഫിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നീ സ്‌റ്റേറ്റുകളിലെ വിവിധ റീജനുകളേയും അംഗ സംഘടനകളേയും കൂടാതെ ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത വ്യക്തികളേയും നേരില്‍ കാണുന്നതിനു വേണ്ടി നടത്തിയ റോഡ് ഷോ വിജയം കണ്ടു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തപ്പെട്ട വിവിധ റീജണുകളിലെ കിക്കോഫില്‍ നിന്നുമായി ഏതാണ്ട് ഒരു ലക്ഷം ഡോളറിന്റെ റജിസ്‌ട്രേഷനുകളും കൂടാതെ ചില സ്‌പോണ്‍സേഴ്‌നേയും സംഘടിപ്പിക്കുവാന്‍ ബെന്നിക്ക് സാധിച്ചു.

വിവിധ റീജിയനുകളില്‍ നടത്തിയ റോഡ് ഷോയില്‍ ബെന്നി വച്ചാച്ചിറയെ കൂടാതെ ഫോമ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരക്കല്‍ എന്നിവരും പങ്കെടുത്തു. റോഡ് ഷോയുടെ സമാപനം, ഒക്ടോബര്‍ 28 ശനിയാഴ്ച ന്യൂയോര്‍ക്ക് എംപയര്‍ റീജണിന്റെ നേതൃത്വത്തില്‍ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്ററന്റില്‍ നടത്തി. റീജണല്‍ പ്രസിഡന്റ് പ്രദീപ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എംബയര്‍ റീജണിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്, ഫോമാ മുന്‍ സെക്രട്ടറിയും 2018–20 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ സി. വര്‍ഗീസ് (സലിം) ല്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഇരുപത്തഞ്ചോളം ഫാമിലി റജിസ്‌ട്രേഷനുകള്‍ ലഭിച്ചു.

ഫോമാ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരക്കല്‍, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാം, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ്, മുന്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, തോമസ് കോശി, ഡോ. ജേക്കബ് , ജെ. മാത്യൂസ്, ജോഫ്രിന്‍ ജോസ്, ഷോബി ഐസക്, ബെന്‍ കൊച്ചീക്കാരന്‍, തോമസ് മാത്യു, ഷോളി കുമ്പിളുവേലി, ടോം സി. തോമസ്, കുര്യാക്കോസ് വര്‍ഗീസ്, കെ. ജി. ഗീവര്‍ഗീസ്, മോണ്‍സി വര്‍ഗീസ്, ജോസഫ് കളപ്പുരക്കല്‍ എന്നിവര്‍ തദവസരത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.