എം.ബി.ബി.എസ് വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍

കോഴിക്കോട്: കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നും വിദ്യാര്‍ഥിനി വീണു മരിച്ച നിലയില്‍. മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി തൃശൂര്‍ ഇടത്തിരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസിനെ (22) ആണ് കെ.എം.സി.ടി മെഡിക്കല്‍ കോളജിന്റെ ആറാം നിലയില്‍ നിന്നു വീണു മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം 4. 45 ഓടെയായിരുന്നു സംഭവം. ഊഷ്മളിന്റെ ഫോണിലേക്ക് ഒരു കോള്‍ വരികയും ഈ സമയത്ത് ഊഷ്മള്‍ ദേഷ്യപ്പെട്ട് പുറത്തേക്ക് പോവുകയും ചെയ്തതായി സഹപാഠികള്‍ പൊലിസിന് മൊഴി നല്‍കി.
ഫോണ്‍ വന്നതിന് ശേഷമാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതിനാല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്