കൊടിഞ്ഞി ഫൈസല്‍ വധം:കുറ്റപത്രം സമര്‍പ്പിച്ചു

തിരൂരങ്ങാടി:  കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 15 ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമതലയുള്ള മലപ്പുറം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ.എബ്രഹാം വെള്ളിയാഴ്ച വൈകീട്ടോടെ പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈമാസം 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാല്‍ വീണ്ടും വൈകുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.

കൊലപാതകം നടത്താന്‍ നേരിട്ടു പങ്കെടുത്ത തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30),ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25), എന്നിവരും ഗൂഡാലോചനാകേസില്‍ തിരൂര്‍ മഠത്തില്‍ നാരായണന്‍(47), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48), പ്രതി ബിബിന് കുടകില്‍ ഒളിച്ചുതാമസിക്കാന്‍ സഹായിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സൂക്ഷിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവരുമാണ് കേസിലെ പ്രതികള്‍. ബിബിന്‍ കഴിഞ്ഞ ആഗസ്തില്‍ തിരൂര്‍ പുളിഞ്ചോടില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ബിബിനെ കുറ്റ വിമുക്തനാക്കാനുള്ള അപേക്ഷയും പൊലിസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസാണ് ലോക്കല്‍ പൊലിസില്‍ നിന്നും മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.സി. കെ. ബാബു, ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജെയ്‌സന്‍.കെ എബ്രഹാം, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.