ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പക്ഷെ അത് തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍കെണി വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.
മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കേട്ടത് എ.കെ.ശശീന്ദ്രന്റെ ശബ്ദമാണെന്ന് തെളിഞ്ഞില്ല. ഫോണ്‍കെണി വിവാദത്തില്‍ കുറ്റവിമുക്തനായാല്‍ എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി നേരത്തെ വ്യക്തമായിട്ടുണ്ട്. ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം വീണ്ടും മന്ത്രിയാകും. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.

ഈ വിവാദത്തെ തുടര്‍ന്നാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നാലെ മന്ത്രിയായ തോമസ് ചാണ്ടി ഭൂമി കയ്യേറ്റ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചൊഴിഞ്ഞതോടെയാണ് ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ തിരിച്ച് മന്ത്രിയാകാന്‍ സാധ്യത തെളിച്ചത്.എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എന്‍സിപിക്ക് എം.എല്‍.എമാരായുള്ളത്. തോമസ് ചാണ്ടി സ്ഥാനം ഒഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനം ഒഴിച്ചിടുകയും ആരാദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയായി തിരിച്ചെത്തും എന്നായിരുന്നു സിപിഐഎമ്മുമായുള്ള ഉപാധി.

16 ശുപാര്‍ശകളാണ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതും. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം. ചാനല്‍ മേധാവി ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കി മാറ്റണം. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണം. റിപ്പോര്‍ട്ടിന്റെ കോപ്പി ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിക്ക് നല്‍കണം തുടങ്ങിയവയാണ് ശുപാര്‍ശകള്‍. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ വിളി കേസിലെ ഗൂഢാലോചന ഡിജിപി അന്വേഷിക്കും. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.