മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയായി ദിലിപീനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

ആലുവ :ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ഈ കേസിൽ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി.ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ. സിനിമാ മേഖലയിൽ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കിയിട്ടുണ്ട് .ആകെ 11 പ്രതികളുളള അന്തിമ റിപ്പോർ‍ട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്തും. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ജയിലില്‍ നിന്ന് കത്തെഴുതി നല്‍കിയ വിപിന്‍ലാലും, പൊലീസുകാരന്‍ അനീഷും കേസില്‍ മാപ്പുസാക്ഷികളാകും. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കപ്പെട്ടിട്ടുള്ളത്‍.

മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കി .

വിദേശത്ത് പോകാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയ സാഹചര്യത്തിലാണ് കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനെ കണ്ടിരുന്നു.

കഴിഞ്ഞ മാസം ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ആദ്യം അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തെ ഞെട്ടിച്ച്‌ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. ഇതോടെ, കുറ്റപത്രം തിരക്കിട്ട് സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തി. കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന എസ്.പി സുദര്‍ശനെ സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം മാറ്റിയതോടെ വീണ്ടും കുറ്റപത്രം വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍, ദിലീപിനെതിരായ കുറ്റപത്രം തയ്യാറായ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാമെന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

കേസില്‍, സമഗ്രമായ കുറ്റപത്രം തന്നെയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ അന്വേഷണ സംഘം വെളിപ്പെടുത്താത്ത ചില നിര്‍ണ്ണായക വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട് .