ഇരട്ടക്കൊലപാതകത്തിന് 39 വര്‍ഷം ശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയാണെന്ന്

പി പി ചെറിയാന്‍

കലിഫോര്‍ണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാല്‍പതു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന ക്രേഗ് കൂലിയെ (70) നിരപരാധിയാണെന്ന് കണ്ടെത്തി മോചിപ്പിക്കുവാന്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഉത്തരവിട്ടു.

കലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയില്‍വാസമനുഭവിച്ച ക്രേഗിനെ ഉടനടി മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ബുധനാഴ്ചയാണ് (നവം 23) ഗവര്‍ണര്‍ ഒപ്പിട്ടത്.1978 നവംബര്‍ 24 വയസുള്ള റോണ്ടയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതു കണ്ട നാലു വയസുകാരനെ മുഖത്തു തലയിണ അമര്‍ത്തി കൊലപ്പെടുത്തിയെന്നുമായിരുന്നു രണ്ടു വര്‍ഷമായി റോണ്ടയെ ഡെയ്റ്റ് ചെയ്തിരുന്ന ക്രേഗിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം.

ഇവര്‍ താമസിച്ചിരുന്ന തൊട്ടടുത്ത റെസ്റ്ററന്റില്‍ നൈറ്റ് മാനേജറായിരുന്ന റിട്ടയര്‍ ചെയ്ത ലൊസാഞ്ചല്‍സ് പൊലീസുകാരന്റെ മകനാണു ക്രേഗ്.  രണ്ടു തവണ വാദം കേട്ട ശേഷമാണ് 1980ല്‍ ക്രേഗ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ തന്റെ നിരപരാധിത്തം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും അധികാരികള്‍ അംഗീകരിക്കാന്‍ തയാറായില്ല. 2016 ഒക്ടോബര്‍ സിമിവാലി പൊലീസ് ചീഫ് ഡേവിഡ് ലിവിങ്സ്റ്റനാണ് കേസ് വീണ്ടും റീ ഓപ്പണ്‍ ചെയ്യാന്‍ തീരുമാനിച്ചത്. സൂക്ഷ്മ പരിശോധനയില്‍ ക്രേഗിന്റെ ഡിഎന്‍എ ശേഖരിച്ചതും സംഭവസ്ഥലത്തു ലഭിച്ചതും വ്യത്യസ്തമാണെന്നു കണ്ടെത്തിയതാണ് പ്രതിയെ വിട്ടയയ്ക്കാന്‍ കാരണം യഥാര്‍ഥ പ്രതിയെ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.