ഞാന്‍ മുസ്‌ലിമാണ്, ഭര്‍ത്താവിന്റെ കൂടെ പോകണം തനിക്ക് നീതി ലഭിക്കണം : ഹാദിയ

കൊച്ചി: ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് ഹാദിയ.ഡല്‍ഹിക്കു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത് .എന്നെയാരും നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചതല്ല. ഞാന്‍ മുസ്ലീം ആണ്, എനിക്ക് നീതി കിട്ടണം. എനിക്ക് ഭര്‍ത്താവ് ഷെഹിന്‍ ജഹാനൊപ്പം പോകാനാണ് താത്പര്യം. ഹാദിയ പറഞ്ഞു.ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭർത്താവ്​ ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം.

ഇന്ന് രാത്രി പത്തരയോടെ ഹാദിയയും കുടുംബവും ഡല്‍ഹിയിലെത്തും. പൊലീസ് സംരക്ഷണത്തിലാണ് ഹാദിയയുടെ ഡല്‍ഹി യാത്ര. ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും കേരളാ ഹൗസില്‍ ആണ്താ താമസിക്കുക . കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്നായിരുന്നു എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയത്. ഹാദിയയുടേത് ‘സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ്’ ആണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.

ഐ.എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
27ന് മൂന്നുമണിക്ക് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.