നടി തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: പ്രശസ്ത നടി തൊടുപുഴ വാസന്തി (65)അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

രോഗബാധിതയായ ദയനീയ അവസ്ഥയില്‍ കഴിയുകയായിരുന്നു. പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകള്‍ക്കുമൊപ്പം അവസാന കാലം കഴിച്ചു കൂട്ടി.