വീരേന്ദ്രകുമാര്‍ ഇടതുപക്ഷത്തേക്ക് വന്നാല്‍ അദ്ദേഹത്തേയും ജെ.ഡി.യുവിനെയും സ്വീകരിക്കും:കോടിയേരി

കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിന്റെ രാജിപ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പുനര്‍വിചിന്തനം നടത്തി ഇടതുപക്ഷത്തേക്ക് വന്നാല്‍ അദ്ദേഹത്തേയും ജെ.ഡി.യുവിനെയും സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യു.ഡി.എഫിന്റെ പടയൊരുക്കം കഴിയും മുന്‍പ് അവരുടെ രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കാന്‍ പോകുന്നത് മുന്നണിക്കുള്ളിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമാണ്. എല്‍.ഡി.എഫിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്നും തിരിച്ചുവരണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇടതുപക്ഷത്തേക്കു വന്നാല്‍ എല്‍.ഡി.എഫ് സീറ്റില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിക്കുന്നത് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലോചിക്കും. എല്‍.ഡി.എഫ് വിട്ടുപോയ ആര്‍.എസ്.പിയും ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും തിരിച്ചുവരണമെന്നു സി.പി.എം നേരത്തെ ആവശ്യപ്പെട്ടതാണ്. .
ബി.ജെ.പിയുമായി കേന്ദ്രത്തില്‍ ജെ.ഡി.യു സഖ്യംചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ ലോക്‌സഭാ അംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ആര്‍.എസ്.എസ് സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ നിരന്തരം പ്രതിഷേധമറിയിക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് ബി.ജെ.പി ബന്ധം പുലര്‍ത്താന്‍ വീരേന്ദ്രകുമാറിനാകില്ല. ഈ സാഹചര്യത്തില്‍ രാജിവയ്ക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇടതുപക്ഷമുന്നണി സംവിധാനത്തിന്റെ ഭാഗമാകുന്നതിനെപ്പറ്റി ആദ്യം ആലോചിക്കേണ്ടത് അവരാണ്.