ഓഖി ചുഴലിക്കാറ്റ്: കനത്ത മഴയും ഉരുള്‍പൊട്ടലും; മരണം 7 ആയി

കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്. കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയതുറ കുഴിവിളാകം സെന്റ് മേരീസ് ലൈബ്രറിയുടെ ഭാഗത്തുനിന്നു മത്സ്യബന്ധനത്തിന് ബുധനാഴ്ച വൈകുന്നേരം പോയ നാലു വള്ളക്കാരെ കുറിച്ചു യാതൊരു വിവരവുമില്ല. കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ കടലില്‍ തിരയാന്‍ സാധിക്കുകയില്ലെന്നാണ് അറിയിച്ചത്.

പൂന്തുറയില്‍നിന്ന് മല്‍സ്യബന്ധനത്തിനു പോയ 29 വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 150ല്‍ പരം മല്‍സ്യത്തൊഴിലാളികള്‍ ഈ വള്ളങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. വ്യാഴം രാവിലെ ഏഴിനു തിരിച്ചെത്തേണ്ടവരായിരുന്നു ഇവര്‍. കടലില്‍ 20 മൈലിന് അപ്പുറമാണ് ഇവര്‍ പോയിരിക്കുന്നത്. മൊബൈലിനു റേഞ്ച് ഇല്ലാത്തതിനാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അടിമലതുറയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ഏഴു വള്ളങ്ങളും വെട്ടുകാടുനിന്നു മത്സ്യബന്ധനത്തിനു പോയ ഒരാളെയും കാണാതായി.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങള്‍ക്കു നാശം സംഭവിച്ചു. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു. അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു. ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വഴുതക്കാട്ട് സ്‌കൂള്‍ കുട്ടിക്കും വിഴിഞ്ഞത്ത് സ്ത്രീക്കും ഗുരുതരമായി പരുക്കേറ്റു.

കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറില്‍. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടി. ഡാം ഏതു നിമിഷവും തുറന്നു വിടാന്‍ സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലത്ത് കനത്ത മഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണു യാത്രക്കാരന്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. തെന്മല ഉറുകുന്നില്‍ റോഡ!ിനു കുറുകെ മരം വീണു ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമന, റവന്യൂ സംഘം സ്ഥലത്തു ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നു. തെന്മല ഡാമിനു സമീപം വീണ മരങ്ങള്‍ മുറിച്ചു മാറ്റി.

ശബരിമല പമ്പ ത്രിവേണിയില്‍ വെള്ളം ഉയര്‍ന്നു തുടങ്ങി. അയ്യപ്പന്‍മാരെ ഒഴിപ്പിക്കുന്നു. പുലര്‍ച്ചെ ശക്തമായി മഴ പെയ്തിരുന്നു. മരത്തിന്റെ കൊമ്പ് വീണു തീര്‍ഥാടകനായ ആലപ്പുഴ സ്വദേശി വിവേകിനു പരുക്കേറ്റു. സന്നിധാനത്ത് വാവരുനടയ്ക്കുമുന്നിലെ വന്‍മരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിമാറ്റി. ഇതുവരെ തീര്‍ഥാടകര്‍ക്കു നിയന്ത്രണമില്ല. ദര്‍ശനത്തിനു തിരക്കു കുറവാണ്.

ഇടുക്കിയില്‍ വന്‍ പേമാരി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ മഴയില്‍ തകര്‍ന്നു. പുളിയന്മലയില്‍ 11 കെവി ലൈന്‍ ഒടിഞ്ഞു ജീപ്പിനു മുകളില്‍ വീണു. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. അമയാര്‍ ഇരട്ട പാലത്തിനു സമീപം വാഹനത്തിനു മുകളിലേക്കു 11 കെവി പോസ്റ്റു വീണു ഡ്രൈവര്‍ക്കു പരുക്കുണ്ട്. പല ഭാഗത്തും ചുഴലി കൊടുംകാറ്റ് അടിച്ചുകൊണ്ടിരിക്കുകയാണ്. പല ഫ്‌ലെക്‌സ് ബോര്‍ഡുകളും അപകടാവസ്ഥയിലായതിനാല്‍ അതിനു താഴെനിന്നു മാറിനില്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് രാവിലെ മുതല്‍ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്.