‘ചേട്ടാ’ എന്ന് വിളിച്ചില്ല; വരന്‍ വിവാഹം വേണ്ടെന്ന് വെച്ചു

കൊല്ലം: പ്രതിശ്രുധ വധു ചേട്ടാ എന്ന് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് നിശ്ചയിച്ച വിവാഹം വരന്‍ വേണ്ടെന്ന് വെച്ചു. വധുവിന്റെ കൂട്ടര്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കി വരന്‍ തടിയൂരി. തനിക്ക് ഒമ്പത് വയസ്സിന്റെ മൂപ്പുണ്ടെങ്കിലും സീരിയലുകളിലെ നായികയെപ്പോലെ പ്രതിശ്രുധ വധു തന്നെ പേരെ വിളിക്കൂ എന്നായിരുന്നു വരന്റെ പരാതി. നിശ്ചയത്തിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണ് വിവാഹത്തിന്റെ അരികുവരെയെത്തിയ ബന്ധം അടിച്ചുപിരിയാന്‍ ഇടയാക്കിയത്. ഇന്നലെ ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിംഗിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശിയായ യുവാവും കൊല്ലം ഓയൂര്‍ സ്വദേശി യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം ആറുമാസം മുമ്പ് ആര്‍ഭാടപൂര്‍വ്വമാണ് നടന്നത്. നിശ്ചയത്തിന് ശേഷം ഇരുവരും ഫോണിലൂടെ നിരന്തരം സല്ലപിക്കുമായിരുന്നു. ഇതിനിടെ പ്രതിശ്രുധ വധു തന്റെ പേര് വിളിക്കുന്നത് തീരെ ദഹിക്കാതെയായി. ഫോണ്‍ എടുക്കാതിരുന്നാല്‍ മറ്റ് ബന്ധുക്കളെയൊക്കെ വിളിച്ച് ശല്യപ്പെടുത്തും. തീരെ സഹിക്കാന്‍ വയ്യാതെ ആയതോടെ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെ ധരിപ്പിച്ചു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സദ്യയും ഓഡിറ്ററിയവും എല്ലാം ബുക്ക് ചെയ്തിരുന്നു. കുറിയടിച്ച് കല്യാണം വിളിയും തുടങ്ങി. മധ്യസ്ഥര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും വരന്റെ വീട്ടുകാരും അടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പെണ്‍വീട്ടുകാര്‍ വനിതാകമ്മീഷനെ സമീപിച്ചത്. ഇന്നലെ നടന്ന അദാലത്തില്‍ ഇരുവിഭാഗവും ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം 50000 രൂപ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു.