ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍… പെണ്‍കുട്ടികള്‍ക്ക് സുഷമാ സ്വരാജിന്റെ ഉപദേശം

അഹമ്മദാബാദ്: പെണ്‍കുട്ടികള്‍ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ദോക്‌ലാമില്‍ ഇന്ത്യ ചൈനയോട് എടുത്ത സമീപനം പോലെ വീട്ടിലും സ്വീകരിക്കൂയെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ജോലിക്കു വിടാന്‍ വീട്ടുകാര്‍ തയ്യാറല്ലെങ്കില്‍ വാക്‌സാമര്‍ഥ്യത്തിലൂടെയും പ്രേരണയിലൂടെയും അവരെ പറഞ്ഞു മനസ്സിലാക്കി തീരുമാനം മാറ്റിക്കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്.

സ്ത്രീകള്‍ ജോലിക്കു പോകുമ്പോഴുള്ള നേട്ടങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ആദ്യം മനസ്സിലാക്കിക്കൊടുക്കുക. എന്നിട്ടും അവര്‍ വഴങ്ങിയില്ലെങ്കില്‍ ‘ദോക്‌ലാം തന്ത്രം’ പ്രയോഗിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദോക്‌ലാമില്‍ ഇന്ത്യയും ചൈനയും 70 ദിവസത്തിലകം മുഖാമുഖം നിന്ന സംഭവം രമ്യമായി പരിഹരിച്ചിരുന്നു. ഈ രീതിയില്‍ കുടുംബങ്ങളെക്കൊണ്ട് തീരുമാനം മാറ്റിക്കണമെന്നാണ് സുഷമ ആവശ്യപ്പെട്ടത്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മൂന്നു ഗണത്തില്‍പ്പെടുത്താം. സുരക്ഷ, സ്വാതന്ത്ര്യം, ശാക്തീകരണം. ആദ്യത്തേതു പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഒരു രാജ്യത്ത് ഇപ്പോഴും പെണ്‍കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലപ്പെടുന്നുവെന്നതിന്റെ കാരണമെന്താണെന്നു തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പെണ്‍ഭ്രൂണഹത്യ നിരോധിക്കുന്നതിന് ഇന്ത്യയില്‍ നിയമമുണ്ട്. എന്നാല്‍ നിയമം കൊണ്ടുമാത്രം ഈ ദുരാചാരം ഇല്ലാതാകില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. അതിനാണ് ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണവുമായി കേന്ദ്രമെത്തിയത്.

വനിതകളുടെ സുരക്ഷയ്ക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി നടപടികളെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്കു സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതിന്റെ ഭാഗമായി എന്‍ഡിഎ സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേക ജാമ്യങ്ങളൊന്നും ചോദിക്കാതെ ലോണ്‍ അനുവദിക്കുന്ന മുദ്ര സ്‌കീമൊക്കെ അതിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.