ഓഖി ചുഴലിക്കാറ്റ്: ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ടവരെ രക്ഷപെടുത്താന്‍ വൈകുന്നതില്‍ തിരുവനന്തപുരം പൂന്തുറയില്‍ വന്‍ പ്രതിഷേധം.പൂന്തുറയില്‍ നിന്ന് കടലില്‍പ്പോയവരെ ഒരുദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
കന്യാകുമാരി മുതല്‍ പൊന്നാനി വരെയുള്ള തീരത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തമിഴ്‌നാട് തീരത്തുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.തിരുവനന്തപുരത്തുനിന്ന് 25 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഒരു ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ എഴ് മല്‍സ്യത്തൊഴിലാളികള്‍ പിടിച്ചുകിടക്കുന്നത് നാവികസേനാ വിമാനം കണ്ടെത്തി. ഇവിടേക്ക് സേനയുടെ കപ്പലുകള്‍ തിരിച്ചിട്ടുണ്ട്.

കടലും അന്തരീക്ഷവും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്.

ഇതിനിടെ ഓഖി ചുഴലിക്കാറ്റെത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.ഓഖിയുടെ വരവ് ഒരാഴ്ച മുന്‍പേ അറിഞ്ഞിട്ടും ജില്ലാ ഭരണകൂടങ്ങളേയും മല്‍സ്യത്തൊഴിലാളികളെയും അറിയിച്ചില്ല. രാവിലെ പതിനൊന്നോടെയാണ് റവന്യുമന്ത്രിയെ പോലും വിവരമറിയിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് ഉച്ചയ്ക്ക് 12 മണിക്കുമെന്നാണ് ആക്ഷേപം.