പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണെന്ന് ബറാക് ഒബാമ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. മോദി ഇന്ത്യയുടെ ഏകതയില്‍ വിശ്വസിക്കുന്നുവെന്നും ഒബാമ പറഞ്ഞു.ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ തനിക്കിഷ്ടമാണെന്നും, രാജ്യത്തെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണ് അദ്ദേഹമെന്നും ഒബാമ വ്യക്തമാക്കി.ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമെന്നും, ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.

എല്ലാവരെയും ഉള്‍കൊള്ളുന്ന മികച്ച ലോക ക്രമത്തിന് നാല് നിര്‍ദേശങ്ങളും ഒബാമ അവതരിപ്പിച്ചു. രാജ്യങ്ങള്‍ മനുഷ്യനെയും യന്ത്രവല്‍ക്കരണത്തെയും ഒരുപോലെ പരിഗണിക്കണം. രണ്ടും ബഹുമുഖമേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. ടെക്‌നോളജിയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ സമ്പത്തിലാണ് നിക്ഷേപങ്ങള്‍ നടക്കേണ്ടത്. അവരെ പഠിപ്പിക്കുകയും തൊഴില്‍ പരിശീലിപ്പിക്കുകയും ചെയ്യുക. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് അവരെ ശക്തിപ്പെടുത്താനും ഒബാമയുടെ നാല് നിര്‍ദേശങ്ങളില്‍ പറയുന്നു.

ആഗോള താപനം പ്രതിരോധിക്കല്‍ ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറില്‍ നരേന്ദ്ര മോദിയെടുത്ത നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ്് ട്രംപിനെ കുറിച്ചൊന്നും പറഞ്ഞില്ല.ഒബാമ ഫൗണ്ടേഷന്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാത്രം പ്രവര്‍ത്തിക്കുന്നതല്ലെന്നും അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയുമുണ്ടെന്നും ഒബാമ പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.