ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ പരീക്ഷണ വിജയം രാജ്യമെമ്പാടും ആഘോഷമാക്കി ഉത്തരകൊറിയ

സിയൂള്‍: ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ പരീക്ഷണ വിജയം രാജ്യമെമ്പാടും ആഘോഷമാക്കി ഉത്തരകൊറിയ. പൊതുചത്വരങ്ങളില്‍ സംഘം ചേര്‍ന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമൊക്കെയാണ് ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

അമേരിക്കയെ പൂര്‍ണമായി തകര്‍ക്കാന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ്15 ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചത്. ആണവ പദ്ധതിക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വകവയ്ക്കാതെയായിരുന്നു പുതിയ പരീക്ഷണം.

ഇതിനു പിന്നാലെ ഉത്തരകൊറിയയ്ക്ക് നേരെ വിമര്‍ശനവുമായി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിരുന്നു. യു.എന്‍.രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. എന്നാല്‍, ഇവയെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ആഘോഷപരിപാടികളുമായി ഉത്തരകൊറിയ മുന്നോട്ട് പോകുന്നത്.

ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ കാരണമാകുന്ന മിസൈല്‍ വിക്ഷേപണത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നു, അതില്‍ തങ്ങള്‍ ആഘോഷിക്കുന്നു എന്ന് എഴുതിയ ബാനറുകളുമായാണ് ജനം തെരുവിലിറങ്ങിയത്.